എറണാകുളം: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. വാർഷിക ജനറൽ ബോഡിയ്‌ക്ക് മുന്നോടിയായുളള യോഗമാണ് വൈകിട്ട് ആറ് മണിക്ക് നടക്കുന്നത്.അമ്മ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ നടൻ ഷെയിൻ നിഗമിനെതിരെയുള്ള നിർമാതാക്കളുടെ വിലക്കടക്കം ചർച്ചചെയ്യും.
നിലവിലുള്ള ചിത്രങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കിയശേഷം മാത്രം ഷെയിനിന്റെ കാര്യത്തിൽ ചർച്ചയാകാമെന്നാണ് നിർമാതാക്കളുടെ നിലപാട്. നിർമാതാക്കളുടെ വിലക്ക് നേരിടുന്ന നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിനുള്ള അപേക്ഷയും അമ്മ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. അമ്മയുടെ ജനറൽ ബോഡിയോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും.
നിർമാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന് കിട്ടിയിട്ടുണ്ട്.
ഇവരെ ഉൾപ്പെടുത്തണോയെന്ന് എക്സിക്യുട്ടീവ് ഇന്ന് തീരുമാനമെടുക്കും. തുടർന്ന് അന്തിമ അംഗീകാരത്തിനായി വാർഷിക ജനറൽ ബോഡിയുടെ മുന്നിൽവയ്‌ക്കും. ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയിൽ ഉൾപ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങൾക്കും വിയോജിപ്പുണ്ട്.
