കെയ്റോ; ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തില്‍. തലസ്ഥാനമായ കെയ്റോയില്‍ വിമാനമിറങ്ങിയ മോദിയെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു. മോദിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. 1997 ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി സന്ദര്‍ശനം കൂടിയാണ്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം രാജ്യത്തെത്തിയത്.
രാത്രി 8.40-ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി വട്ടമേശ ചര്‍ച്ചയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിക്കും. രാത്രി 10.20ന് പ്രധാനമന്ത്രി മോദി ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയെ കാണുകയും തുടര്‍ന്ന് ഈജിപ്ഷ്യന്‍ ചിന്താ നേതാക്കളുമായി സംവദിക്കുകയും ചെയ്യും.
ദാവൂദി ബൊഹ്റ സമൂഹത്തിന്റെ സഹായത്തോടെ പുനഃസ്ഥാപിച്ച പതിനൊന്നാം നൂറ്റാണ്ടിലെ അല്‍-ഹക്കീം മസ്ജിദും പ്രധാനമന്ത്രി ഈജിപ്തിലെ തന്റെ ആദ്യ വരവില്‍ സന്ദര്‍ശിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം പള്ളി സന്ദര്‍ശിക്കുക. ഒന്നാം ലോകമഹായുദ്ധസമയത്ത് ഈജിപ്തിന് വേണ്ടി പരമോന്നത ത്യാഗം സഹിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ഇതിനായി ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിലേക്ക് അദ്ദേഹം പോകും. കോമണ്‍വെല്‍ത്ത് സ്ഥാപിച്ച സ്മാരകമാണിത്. കൂടാതെ ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തില്‍ വിവിധ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച 3,799 ഇന്ത്യന്‍ സൈനികരുടെ സ്മാരകം കൂടിയാണിത്.
