പാലായിൽ സ്വകാര്യ ബസില്‍നിന്ന് കണ്ടക്ടര്‍ വിദ്യാര്‍ഥിയെ തള്ളിയിട്ടതായി പരാതി; വലതു കൈയ്ക്ക് പരിക്ക്

പാലാ: സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തള്ളിയിട്ടതായി പരാതി. വിദ്യാര്‍ത്ഥിയുടെ വലതു  കൈയ്ക്ക് പരിക്കേറ്റു. കടനാട് ഒറ്റപ്ലാക്കല്‍ ജെയ്‌സിയുടെ മകന്‍ ആന്‍ജോയ്(13)ക്കാണ്  പരിക്കേറ്റത്.
ഇന്നലെ രാവിലെ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.മുത്തോലി ടെക്‌നിക്കല്‍ സ്‌കൂളില്‍ എട്ടാം ക്ലാസ്   വിദ്യാര്‍ത്ഥിയാണ് ആന്‍ജോ.  കടനാട്‌നിന്നും രാവിലെ 7.10നുള്ള കാവുംകണ്ടം കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മാറാനാത്ത ബസിലാണ് ആന്‍ജോ സ്‌കൂളില്‍ പോയിരുന്നത്.

കഴിഞ്ഞ 16ന് യൂണിഫോമും കണ്‍സഷന്‍ കാര്‍ഡും ഇല്ലാത്തതിനാല്‍ കണ്‍സഷന്‍ തരാന്‍ കഴിയില്ലെന്ന് അറിയിച്ച് കണ്ടക്ടര്‍ കുട്ടിയെ സ്‌കൂളില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ പാലാ ടൗണില്‍ ഇറക്കി വിട്ടിരുന്നു.  എന്നാല്‍, ക്ലാസ് ആരംഭിച്ച സമയമായതിനാല്‍ യൂണിഫോമും കാര്‍ഡുകളും ലഭിച്ചിട്ടില്ലെന്ന് കുട്ടി അറിയിച്ചെങ്കിലും കണ്ടക്ടര്‍ വഴങ്ങിയില്ല.
കണ്‍സഷന്‍ ലഭിക്കാന്‍ ചില ചിട്ടയും നിയമങ്ങളുമുണ്ടെന്ന് പറഞ്ഞ് കുട്ടിയെ പാതിവഴിയില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഇതേ ബസില്‍ യാത്രചെയ്യവേയാണ് കണ്ടക്ടര്‍ ദേഷ്യപ്പെടുകയും ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തത്. സ്‌കൂള്‍ ഐ.ഡി. കാര്‍ഡ് കാണിച്ചിട്ടും കണ്ടക്ടര്‍ കണ്‍സഷന്‍ അനുവദിക്കാതെ കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നെന്ന് ആന്‍ജോ പറയുന്നു.
തുടര്‍ന്ന് പാലായില്‍ നിന്ന് മറ്റൊരു ബസില്‍ കയറി സ്‌കൂളിലെത്തുകയും വിവരം സ്‌കൂള്‍ അധികൃതരെ ധരിപ്പിക്കുകയുമായിരുന്നു. കൈക്ക് നീര് കണ്ടതിനെത്തുടര്‍ന്ന് അധ്യാപകര്‍, ആന്‍ജോയെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഡോക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കിടങ്ങൂര്‍ പോലീസില്‍ പരാതി നല്‍കി.  പാലാ പോലീസിലും ഗതാഗത വിദ്യാഭ്യാസ വകുപ്പുകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *