മഞ്ചേരി- പതിനേഴുകാരിയായ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ച   പിതാവിന് മഞ്ചേരി അതിവേഗ സ്പെഷല്‍ കോടതി (രണ്ട്) നാല്പത്തിനാലര വര്‍ഷം കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2022 നവംബര്‍ 16 വരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് അരീക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
പ്രതി തന്റെ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചാണ് മകളെ പീഡിപ്പിച്ചിരുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി വര്‍ഷങ്ങളായുള്ള പീഡനം സംബന്ധിച്ച് വെളിപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.എന്‍ മനോജ് 15 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും രണ്ടു തൊണ്ടി മുതലുകളും ഹാജരാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമം 342 പ്രകാരം തടഞ്ഞുവച്ചതിന് ആറുമാസം കഠിന തടവ്, പോക്സോ ആക്ടിലെ 5(എന്‍) പ്രകാരം 30 വര്‍ഷം കഠിന തടവ്, മൂന്ന് ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.  പോക്സോ ആക്ടിലെ തന്നെ 9(എല്‍), 9(എന്‍) എന്നീ രണ്ടു വകുപ്പുകളിലും ഏഴു വര്‍ഷം വീതം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്.  ഇരു വകുപ്പുകളിലും പിഴയടച്ചില്ലെങ്കില്‍ ഒരോ വര്‍ഷം വീതം അധിക തടവ് അനുഭവിക്കണം. എന്നാല്‍ തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതിക്ക് 30 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും ജഡ്ജി എസ്. രശ്മി വിധിച്ചു.  ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നു നഷ്ടപരിഹാരം ലഭ്യമാക്കാന്‍  നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശവും നല്‍കി. പോലീസിന്റെ പ്രത്യേക ആവശ്യപ്രകാരം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. റിമാന്‍ഡില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവു ചെയ്യാനും കോടതി വിധിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
 
 
2023 June 23KeralaCrimeRapearresttitle_en: 44.5 years jail in rape case

By admin

Leave a Reply

Your email address will not be published. Required fields are marked *