പതിനേഴുകാരിയായ മകളെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു: മലപ്പുറത്ത് പിതാവിന് 44 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം പിഴയും വിധിച്ച് കോടതി

മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പിതാവിന് 44.5 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. അരീക്കോട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി തന്റെ കീഴുപറമ്പ് കുനിയിലുള്ള വീട്ടിലെ കിടപ്പുമുറിയില്‍ വച്ചായിരുന്നു മകളെ പീഡിപ്പിച്ചിരുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായുള്ള പീഡനം കുട്ടി വെളിപ്പെടുത്തിയത്.
പിഴ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.
പൊലീസിന്റെ പ്രത്യേക ആവശ്യപ്രകാരം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. റിമാന്റില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവു ചെയ്യാനും കോടതി വിധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *