കൊച്ചി – മലബാർ ജില്ലകളിലെ ഹയർസെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷവും എസ്.എഫ്.ഐയും നടത്തുന്ന അട്ടിമറികളിലും പ്രതിഷേധിച്ച് ജൂൺ 27 ന് സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ പറഞ്ഞു. സംസ്ഥാന വ്യാപകമായി മുഴുവൻ സ്‌കൂളുകളും കോളേജുകളും ഏറ്റെടുക്കുന്ന സ്വഭാവത്തിലാണ് വിദ്യാഭ്യാസ ബന്ദ് ഉദ്ദേശിക്കുന്നത്.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട അലോട്ട്‌മെന്റ് പുറത്ത് വന്നപ്പോൾ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് പോലും സീറ്റ് ലഭിച്ചിട്ടില്ല എന്നത് മലബാർ മേഖലയിലെ വിദ്യാഭ്യാസ വിവേചന ഭീകരതയുടെ ആഴം സൂചിപ്പിക്കുന്നതാണ്. 30% മാർജിനൽ സീറ്റ് വർദ്ധനവും ഏതാനും ബാച്ച് ഷിഫ്റ്റുകളും നടത്തിക്കൊണ്ട് മലബാറിലെ വിദ്യാർഥികളെ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഓപ്പൺ സ്‌കൂളിലേക്ക് തള്ളി വിടാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഓപ്പൺ സ്‌കൂളിനെ ആശ്രയിച്ച 38726 പേരിൽ 31505 പേരും മലബാറിൽ നിന്നുള്ള വിദ്യാർഥികളാണ്. അതിൽ 15988 പേരും മലപ്പുറത്ത് നിന്നുള്ളവരാണ്. പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ മലപ്പുറം ജില്ലയിൽ മാത്രം 46133 വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിക്കാതിരുന്നത്.
ഈ വിവേചനത്തിന്റെ കണക്കുകൾ മുന്നിലുള്ളപ്പോഴാണ് അലോട്ട്‌മെന്റ് കഴിയുമ്പോഴേക്കും കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും എല്ലാ വിദ്യാർഥികൾക്കും സീറ്റ് ലഭിക്കുമെന്ന പച്ചക്കള്ളം വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറയുന്നത്. മലബാർ ജില്ലകളിലെ വിവേചനത്തെ പരിഹരിക്കാൻ മതിയായ രീതിയിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന കാർത്തികേയൻ കമ്മീഷന്റെ ശുപാർശയെ അവഗണിച്ച് കൊണ്ടും ആ റിപ്പോർട്ടിനെ തന്നെ പൂഴ്ത്തി വെച്ച് കൊണ്ടും വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നവരെ അധിക്ഷേപിച്ച് കൊണ്ടും മലബാർ മേഖലയിലെ വിദ്യാർഥികളെ വഞ്ചിക്കുകയാണ് ഇടത് പക്ഷവും സർക്കാറും ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു. 
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എസ്.എഫ്.ഐയുടെയും ഇടതുപക്ഷ അധ്യാപക-അനധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മാഫിയകളാണ്. കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന ഈ വിദ്യാഭ്യാസ അട്ടിമറികളുടെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന എസ്.എഫ്.ഐ നേതാക്കളായിരുന്ന കെ. വിദ്യയുടെയും നിഖിൽ തോമസിന്റെയും വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ. സംവരണ അട്ടിമറിയും അനധികൃത അഡ്മിഷനുമൊക്കെ കേവലം വ്യക്തികൾ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല. ഇതിന് പിന്നിൽ  ഇടതുപക്ഷ അധ്യാപകഅനധ്യാപക സംഘടനകളുടെ കൃത്യമായ പിന്തുണയും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ട്. 
കേരളത്തിലെ സർവകലാശാലകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിലെയും പി.എച്ച്.ഡി പ്രവേശനത്തിലെയും സംവരണ അട്ടിമറിയെക്കുറിച്ച് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. 
കെ.വിദ്യ കാലടി സർവകലാശാലയിൽ പി.എച്ച്.ഡി അഡ്മിഷൻ നേടിയത് സംവരണം അട്ടിമറിച്ച് കൊണ്ടാണെന്ന സർവ്വകലാശാലയുടെ എസ്.സിഎസ്.ടി സെൽ റിപ്പോർട്ട് യൂണിവേഴ്‌സിറ്റി തലത്തിൽ ഇടത് പക്ഷ അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടിഎ, എ.കെ.പി.സി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ സംവരണ വിരുദ്ധ മാഫിയ നിലനിൽക്കുന്നു എന്ന ആരോപണത്തെ ശരി വെക്കുന്നതാണ്. സി.പി.എമ്മിന് തൽപരരായ ഉദ്യോഗാർഥികളെ തിരുകിക്കയറ്റാൻ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സംവരണ ക്രമത്തെ അട്ടിമറിച്ചു എന്ന പരാതി ഉയർന്ന് വന്നത് ഇതിനോട് കൂട്ടിച്ചേർക്കേണ്ടതാണ്. 
2023 June 23Keralafraternity movementtitle_en: The fraternity announced an educational bandh on June 27

By admin

Leave a Reply

Your email address will not be published. Required fields are marked *