അടിമാലി: പട്ടാപ്പകല്‍ വീടുതുറന്ന് ഗ്യാസ്‌കുറ്റികള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. അടിമാലി അമ്പലപ്പടി മേനോത്ത് ഉണ്ണി എന്നു വിളിക്കുന്ന ഷിനു (38), കോട്ടപ്പാറ കോളനിയില്‍ താമസിക്കുന്ന സ്വാമിനാഥന്‍ (37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കോട്ടപ്പാറയില്‍ താമസിക്കുന്ന രാജാമണിയുടെ രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് മോഷ്ടിച്ചത്. പ്രതി സ്വാമിനാഥന്റെ ബന്ധുവാണ് രാജാമണി. വ്യാഴാഴ്ച രാവിലെ അടിമാലി ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ ഗ്യാസ്‌കുറ്റി വില്‍പന നടത്തി.
ആശുപത്രിയിൽ സഹോദരന്റെ ചികിത്സാ ചെലവിന് പണമില്ലാത്തതിനാലാണ് ഗ്യാസ് സിലിണ്ടറുകള്‍ വിൽക്കുന്നതെന്ന് പറഞ്ഞ് കടയുടമയെ കബളിപ്പിച്ചായിരുന്നു വിൽപ്പന. ഗ്യാസ്‌കുറ്റികള്‍ പോലീസ് കണ്ടെടുത്തു.
മോഷ്ടിച്ച കുറ്റികളുമായി യുവാക്കള്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍നിന്നാണ് പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.