ചെന്നൈ: നാളെ മുതൽ 500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദ്ദേശപ്രകാരം ടാസ്മാക്ക് കോർപ്പറേഷനാണ് ഉത്തരവ് ഇറക്കിയത്. ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
ചെന്നൈയിൽ മാത്രം 138 മദ്യശാലകളാണ് പൂട്ടുക. കോയമ്പത്തൂർ മേഖലയിൽ 138, മധുരയിൽ 125 എന്നിങ്ങനെ മദ്യശാലകൾ അടച്ചിടും. എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇത് സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ ഏപ്രിലിൽ നൽകിയിരുന്നു.
തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും അടുത്തുള്ള 500 മദ്യശാലകൾ തിരിച്ചറിഞ്ഞിരുന്നു. ഇവയാണ് നാളെ മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇതോടെ ജോലി നഷ്ടമാകുന്ന 1500 പേരെ പുനർ വിന്യസിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.
രണ്ടു ജില്ലകളിൽ വിഷമദ്യ ദുരന്തം ഉണ്ടായതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് ആകെ 5329 ഔട്ട് ലെറ്റുകളാണ് നിലവിലുള്ളത്.