ലണ്ടന്‍- വാര്‍ഷിക സ്‌റ്റൈപ്പന്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണില്‍ പുരോഹിതര്‍ സമരത്തിലേക്ക്. സഭയുടെ അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പുരോഹിതര്‍ ഔദ്യോഗികമായി വേതന വര്‍ധന ആവശ്യപ്പെടുന്നത്.
ബ്രിട്ടണില്‍ പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതരെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ് യൂണിയന്‍ ‘യുണൈറ്റ്’ന്റെ നേതൃത്വത്തിലാണ് വേതന വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്.
പണപ്പെരുപ്പം നിയന്ത്രണംവിട്ടതോടെ ബ്രിട്ടനിലെ എല്ലാ മേഖലയിലേയും തൊഴിലാളികള്‍ സമരത്തിലാണ്. ഇതിലെ ഏറ്റവും പുതിയ കണ്ണിയാണ് ‘ദരിദ്ര തൊഴിലാളികളാ’യ പുരോഹിതരെന്നും യുണൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പുരോഹിതര്‍ക്ക് 26,794 പൗണ്ടാണ് വാര്‍ഷിക സ്റ്റൈപെന്‍ഡായി ലഭിക്കുന്നത്. ഇതില്‍ മാറ്റം വരുത്തി 2024 ഏപ്രില്‍ മുതല്‍ 9.5 ശതമാനം വര്‍ധനവുണ്ടാകണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ദ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എംപ്ലോയീ ആന്‍ഡ് ക്ലെര്‍ജി അഡ്വക്കറ്റ്സ് അസോസിയേഷന്‍ എന്ന ബാനറില്‍ സഭയിലെ 2000 വികാരിമാരും മറ്റു ജീവനക്കാരും സംഘടനയില്‍ അംഗങ്ങളായിട്ടുണ്ട്. സംഭാവനകളും കാരുണ്യ സംഘടനകളേയും ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അതിന് അറുതി വരുത്താന്‍ വേതനത്തില്‍ വര്‍ധനവുണ്ടാകണമെന്നും പുരോഹിതര്‍ ആവശ്യപ്പെടുന്നു.
അടുത്തയാഴ്ച സഭയുടെ വേതന കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമര പരിപാടികളിലേക്ക് നീങ്ങാനാണ് പുരോഹിതരും സഭാ ജീവനക്കാരും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ച് കമീഷണേഴ്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ആംഗ്ലിക്കന്‍ സഭയ്ക്ക് 130 കോടി പൗണ്ട് നിക്ഷേപമുണ്ട്.
2023 June 20InternationalPriestഓണ്‍ലൈന്‍ ഡെസ്‌ക്title_en: Priests go on strike demanding increase in annual stipend