പോങ്യാംഗ്: ലോകത്ത് ഏറ്റവും ക്രൂരതയേറിയ സ്വേച്ഛാധിപത്യം നടക്കുന്നുണ്ടെങ്കില്‍ അത് ഉത്തര കൊറിയയില്‍ മാത്രമായിരിക്കും. ഏറ്റവും നിഗൂഢതയേറിയ രാജ്യമാണ് വടക്കന്‍ കൊറിയ. ഒറ്റപ്പെട്ട സാമ്രാജ്യം എന്ന വിളിപ്പേര് പോലും കിംഗ് ജോംഗ് ഉന്നിന്റെ ഈ രാജ്യത്തിനുണ്ട്.
മുടി നീട്ടി വളര്‍ത്തുന്നത് മുതല്‍ ജീന്‍സ് ധരിക്കണമെങ്കില്‍ പോലും വടക്കന്‍ കൊറിയയിലെ ജനങ്ങള്‍ക്ക് പ്രത്യേക അനുമതി വേണം. ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന ഇടമായാണ് ഉത്തരകൊറിയ എന്നുകൂടി വിളിപ്പേരുള്ള വടക്കന്‍ കൊറിയ അറിയപ്പെടുന്നത്.
ഭരണകൂടത്തിന്റെ നിയമങ്ങള്‍ അനുസരിക്കാത്തവരെ കാത്തിരിക്കുന്നത് നരകതുല്യമായ ജീവിതമാണ്. മനുഷ്യത്വ ലംഘനത്തിന്റെ അങ്ങേയറ്റമായിരിക്കും അനുഭവിക്കേണ്ടി വരിക. പെട്ടെന്നുള്ള തിരോധാനം, ജയിലറയ്ക്കുള്ളിലെ കൊടിയ പീഡനങ്ങള്‍, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ കൊല്ലാക്കൊലകള്‍ ഇങ്ങനെ പോകുന്നു നടപടികള്‍.
1945 ആഗസ്റ്റില്‍ ഇരു ധ്രുവങ്ങളായി വിഭജിക്കപ്പെട്ടതിന് ശേഷം മറ്റൊരു രാജ്യത്തിന് മുമ്പിലും ഉത്തര കൊറിയന്‍ ഭരണകൂടം തങ്ങളുടെ വാതായനങ്ങള്‍ കുറന്നുകൊടുത്തിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ ദുസഹമായ ജീവിതത്തെ കുറിച്ച് പലതവണ യുഎന്‍ മനുഷ്യാവകാശ കമ്മിഷനിലും, ആംനെസ്റ്റി ഇന്റര്‍നാഷണിലുമൊക്കെ ശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും ചെറിയൊരു മാറ്റം പോലും അതുകൊണ്ടൊന്നുമുണ്ടായില്ല.
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ചിത്രവധത്തെ കുറിച്ച് അവിടെ നിന്നും രക്ഷപ്പെട്ട ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഭരണാധികരിയായ കിംഗ് ജോംഗ് ഉന്നിനെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ഇവരെ ക്യാംപുകളില്‍ കൊണ്ടടച്ചത്.
സ്ത്രീ തടവുകാരെ ബലാത്സംഗം ചെയ്യുക, നിര്‍ബന്ധിത അബോര്‍ഷന് വിധേയരാക്കുക, പട്ടിണിക്കിടുക എന്നിവയാണ് ചെയ്യുക. വിശപ്പ് സഹിക്കാന്‍ കഴിയാത്ത തടവുകാര്‍ ജയിലില്‍ കാണപ്പെടുന്ന പാറ്റയേയും പല്ലിയേയും തിന്നാണ് വിശപ്പടക്കുന്നത്. എന്തെങ്കിലും കഴിക്കാന്‍ കിട്ടുന്നെങ്കില്‍ തന്നെയും ചോളം മാത്രമാകും ലഭിക്കുക. 60 കിലോഗ്രാം ശരീരഭാരമുള്ളയാള്‍ ക്യാമ്ബില്‍ എത്തി ഒരു മാസം പിന്നിടുമ്‌ബോഴേക്കും 30 കിലോയായി മാറും.
അതിക്രൂരമായ ലൈംഗിക പീഡനമാണ് തടവുകാര്‍ക്ക് ഏല്‍ക്കേണ്ടി വരിക. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പലര്‍ക്കും സാധിക്കാതെ വരുമത്രേ. അതിര്‍ത്തി കടന്ന് രാജ്യം വിടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും അതിന് കഴിയാറില്ല. അവരെ മാത്രംമല്ല അവരുടെ കുടുംബത്തിന് പോലും പിന്നീട് സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ല. പിടിക്കപ്പെടുന്നവരുടെ മുമ്പില്‍ വച്ചു തന്നെ കുടുംബാംഗങ്ങളെ നിഷ്ഠൂരമായി വകവരുത്തും.
