അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ കൂടി; ടൈറ്റാനിക് കാണാന്‍ പോയ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ തുടരുന്നു

കാനഡ: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലിനടിയിലേക്ക് മുങ്ങാംകുഴിയിട്ട ടൈറ്റാന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ടൈറ്റാനിക് കാണാന്‍ വിനോദസഞ്ചാരികളുമായി മുങ്ങിക്കപ്പല്‍ ടൈറ്റാന്‍ യാത്ര പുറപ്പെട്ടത്. വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ യുഎസ്-കാനഡ ദൗത്യസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. അതേസമയം, അന്തര്‍വാഹിനിയില്‍ അവശേഷിക്കുന്നത് ഒരു ദിവസത്തേക്കു കൂടിയുള്ള ഓക്‌സിജനെന്നാണ് വിവരം.

ബ്രിട്ടന്‍, പാകിസ്താന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിഐപി യാത്രക്കാരുമായാണ് ടൈറ്റാന്‍ എന്ന മുങ്ങിക്കപ്പല്‍ മൂന്ന് ദിവസം മുന്‍പ് യാത്ര തിരിച്ചത്. യാത്ര തുടങ്ങിയതിന് പിന്നാലെ മുങ്ങിക്കപ്പല്‍ കാണാതാവുകയായിരുന്നു.
സോണാര്‍ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സമുദ്രനിരപ്പില്‍ നിന്ന് നാല് കിലോമീറ്റര്‍ താഴെവരെ അന്തര്‍വാഹിനിക്കായി അരിച്ചുപെറുക്കുകയാണ്. ന്യൂഫൗണ്ട്‌ലാന്‍ഡിലെ സെന്റ് ജോണ്‍സിന് 700 കിലോമീറ്റര്‍ തെക്കുമാറി ടൈറ്റാന്‍ മുങ്ങിയിട്ടുണ്ടാകാമെന്ന അനുമാനത്തില്‍ തിരച്ചില്‍ തുടരുകയാണ് രക്ഷാപ്രവര്‍ത്തകസംഘം.
10000ത്തിലധികം കിലോഗ്രാം ഭാരമുള്ള ടൈറ്റാന്‍ അഞ്ച് ഇഞ്ച് കനമുള്ള കാര്‍ബണ്‍ ഫൈബര്‍ കവചത്തില്‍ സുരക്ഷിതമാണ്. അകം മുഴുവന്‍ ചൂട് നല്‍കാനുള്ള പാളികളും ടോയ്ലറ്റും ഗെയിമിംഗ് കണ്‍സോളുമടക്കം നിരവധി സാങ്കേതിക സംവിധാനങ്ങള്‍ അടങ്ങുന്ന അന്തര്‍വാഹിനിക്ക് 96 മണിക്കൂര്‍ കടലിനടിയില്‍ തുടരാന്‍ കഴിയും.
ടൈറ്റാന്‍ ഇപ്പോഴും സമുദ്രത്തിന്റെ അടിത്തട്ടില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ ഇനി യാത്രികര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകുക വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രമാണ്. എന്നാല്‍ മറ്റേതെങ്കിലും തീരത്ത് ടൈറ്റാന്‍ അടുത്തിട്ടുണ്ടോ എന്ന പരിശോധനയും വിമാനങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി നടക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *