ഒരു സ്ത്രീയുടെ ജീവിതചക്രത്തിലെ ഒരു സാധാരണ പ്രക്രിയയാണ് ആർത്തവവിരാമം. 45നും 55നും ഇടയിലാണ് ഇത് സംഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ ബാധിക്കും. ആർത്തവവിരാമത്തിന്റെ ഏറ്റവും പൊതുവായ ലക്ഷണങ്ങളിലൊന്നാണ് ഹോട്ട് ഫ്ളാഷസ്, ശരീരത്തിലുടനീളം പെട്ടെന്ന് ചൂട് അനുഭവപ്പെടുന്നതാണ് ഇത്. നെഞ്ചിൽ തുടങ്ങി തലയിലേക്കും മുഖത്തേക്കും നീങ്ങുന്ന ചൂട് വിയർപ്പിനും ഹൃദയമിടിപ്പ് കൂടാനുമൊക്കെ കാരണമാകും. ഇത് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. ഏതാനും സെക്കൻഡുകൾ മുതൽ മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ഈ ബുദ്ധിമുട്ട് ദിവസത്തിൽ പല തവണ സംഭവിക്കുകയും ചെയ്യും. ഇതിന്റെ യഥാർത്ഥ കാരണം അവ്യക്തമാണെങ്കിലും ഹോർമോൺ വ്യതിയാനം മൂലമാകാം ഇതെന്നാണ് കരുതുന്നത്.
എങ്ങനെ നിയന്ത്രിക്കാം ?
►ലെയറുകളായി വസ്ത്രം ധരിക്കുകയാണെങ്കിൽ അപ്രതീക്ഷിതമായി ചൂട് കീഴടക്കുമ്പോൾ ആവശ്യാനുസരണം വസ്ത്രം നീക്കം ചെയ്യാൻ കഴിയും. അസ്വസ്ഥത മാറിക്കഴിഞ്ഞാൽ അവ വീണ്ടും ധരിക്കുകയും ചെയ്യാം.
►അമിതമായി ചൂട് അനുഭവപ്പെടാതിരിക്കാൻ ഓഫീസിലെയും വീട്ടിലെയുമൊക്കെ താപനില ക്രമീകരിക്കാം. ഫാൻ, എയർകണ്ടീഷൻ എന്നിവ ഇതിനായി ഉപയോഗിക്കാം.
►സ്ഥിരമായുള്ള വ്യായാമം പെട്ടെന്ന് തീവ്രമായി ചൂട് കൂടുന്നത് ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ മാനസികാവസ്ഥയെയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തും.
►ധാരാളം വെള്ളം കുടിക്കുന്നതും ഇത്തരം ബുദ്ധിമുട്ടുകളെ പ്രതിരോധിക്കാൻ സഹായിക്കും. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കണം.
►എരിവുള്ള ഭക്ഷണം, കഫീൻ അടങ്ങിയ പാനീയങ്ങൾ, മദ്യം എന്നിവ ശരീരത്തെ കൂടുതൽ ചൂടാക്കും. അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കാം. ഇതിനുപകരം ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെ ധാരാളമായി കഴിക്കണം.
►യോഗ, മെഡിറ്റേഷൻ, ഡീപ് ബ്രീത്തിങ് തുടങ്ങിയവ ശീലമാക്കാം. ഇത് സമ്മർദ്ദം അകറ്റുകളും ഹോട്ട് ഫ്ളാഷസ് കുറയ്ക്കുകയും ചെയ്യും.