കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആറംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നു

കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കാനെത്തിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് മധുര സ്വദേശിയായ 29കാരന്‍ വിനീതിനെ ആറംഗ സംഘം വടിവാളുമായി വെട്ടിയത്. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിടെ ജാമ്യം കിട്ടിയിരുന്നു.
ജാമ്യ വ്യവസ്ഥ പാലിക്കുന്നതിന്‍റെ ഭാഗമായി ശിവഗംഗയിലെ കാരൈക്കുടി സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം രാത്രി ഇയാൾ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയത്. രാവിലെ സ്റ്റേഷനിലേക്ക് പോകാനായി ലോ‍‍ഡ്‍ജിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആറംഗ സംഘം ഇയാളെ വളയുകയായിരുന്നു. വിനീത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികളും പിന്നാലെ കൂടി.
വിനീതിനെ വെട്ടിയ സംഘം ഉടൻ തന്നെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനില്‍ പോയതിന് ശേഷമാണോ ആക്രമണമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *