ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വസ്ത്രങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് കിടിലൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ‘എഐ വെർച്വൽ ട്രൈ ഓൺ’ എന്ന പുതിയ ഫീച്ചറിനാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഓൺലൈനായി വസ്ത്രം വാങ്ങുമ്പോൾ, ആ വസ്ത്രം തന്റെ ശരീരപ്രകൃതിക്ക് ഇണങ്ങുന്നതാണോ എന്ന് ഉപഭോക്താവിന് പരിശോധിക്കാൻ സാധിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യത്യസ്ഥ സ്റ്റൈലുകളിലും, സൈസുകളിലും, നിറങ്ങളിലുള്ള അനുയോജ്യമായ വസ്ത്രങ്ങൾ കണ്ടെത്താൻ ഫീച്ചർ സഹായിക്കുന്നതാണ്.
ഒരു വസ്ത്രത്തിന്റെ ചിത്രം ഉപയോഗിച്ച് ആ ചിത്രത്തിൽ വളരെ കൃത്യമായി ശരീരത്തിൽ ധരിപ്പിക്കാനും, മടക്കാനും നിവർത്താനും, ചുളിവുകൾ ഉണ്ടാക്കാനുമെല്ലാം ഈ പുതിയ ജനറേറ്റീവ് എഐ മുഖാന്തരം സാധിക്കും. മെഷീൻ ലേർണിംഗ്, വിഷ്വൽ മാച്ചിംഗ് അൽഗോരിതം തുടങ്ങിയവയുടെ സഹായത്തോടെയാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്.
എച്ച് & എം, എവർലേൻ, ആന്ത്രോപോളജി തുടങ്ങിയ ബ്രാൻഡുകളിൽ എല്ലാം ഈ സംവിധാനം പ്രവർത്തിക്കുന്നതാണ്. നിലവിൽ, സ്ത്രീകളുടെ വസ്ത്രങ്ങൾ മാത്രമാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കുക. അധികം വൈകാതെ തന്നെ പുരുഷന്മാരുടെ വസ്ത്രങ്ങൾക്ക് വേണ്ടിയുള്ള ഫീച്ചറും അവതരിപ്പിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
