ആലപ്പുഴ: ജില്ലയിലെ സിപിഎമ്മിൽ കൂട്ടനടപടി. പി.പി.ചിത്തരഞ്ജൻ എംഎൽഎ, എം.സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ പിരിച്ചുവിടും. ലഹരിക്കടത്ത് ആരോപണം നേരിട്ട ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസിനെ പാർട്ടിയിൽനിന്നു പുറത്താക്കി.
ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയിൽ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയ എല്ലാവർക്കും താക്കീത് നൽകും. സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ ചൊവ്വാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്ത് അന്തിമമാക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ചത്തെ ജില്ലാ കമ്മിറ്റിയിലും അദ്ദേഹം പങ്കെടുക്കും.
ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ ഒന്നാക്കി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബി.ചന്ദ്രബാബുവിനെ സെക്രട്ടറിയാക്കി. ഹരിപ്പാട്ട് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്.ബാബുജാനാണ് സെക്രട്ടറിയുടെ ചുമതല.