ഭോപ്പാല്‍: മധ്യപ്രദേശിലെ മഹാകാല്‍ ലോക് ഇടനാഴിയുടെ നിര്‍മ്മാണത്തില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. ഈ ‘വലിയ അഴിമതി’ കാണിക്കുന്നത് ബിജെപി അഴിമതിയുടെ കാര്യത്തില്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ലെന്നാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ആരോപിച്ചു.
ഇത് ഉജ്ജയിനിന്റെ മാത്രമല്ല, രാജ്യമെമ്പാടും മധ്യപ്രദേശിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. ബിജെപി മതത്തെ അഴിമതിയുടെ മാര്‍ഗമായി ഉപയോഗിക്കുകയാണെന്നും മധ്യപ്രദേശിനെ ഒരു അഴിമതി സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം വിമര്‍ശിച്ചു. മഹിദ്പൂരില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കമല്‍നാഥ്.
ഉജ്ജൈനിയിലെ മഹാകാലേശ്വര്‍ ക്ഷേത്ര പരിസരത്തെ മഹാകല്‍ ലോക് ഇടനാഴിയില്‍ സ്ഥാപിച്ചിരുന്ന സപ്തരിഷികളുടെ ചില വിഗ്രഹങ്ങള്‍ കഴിഞ്ഞ മാസം തകര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അഴിമതി ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.
2018 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ അധികാരത്തില്‍ തുടര്‍ന്ന കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ കമല്‍നാഥ് എണ്ണിപ്പറഞ്ഞു. 27 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍, കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കല്‍, ഗോശാല നിര്‍മാണം എന്നിവയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ബിജെപി ജനവിധിയെ അവഗണിച്ചുകൊണ്ട് പണത്തിന്റെ ബലത്തിലൂടെ എം.എല്‍.എ.മാരെ സ്വന്തമാക്കി വഞ്ചനയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ മുഖ്യമന്ത്രി ശിവരാജ് സിംഗ ചൗഹാന്‍ നടത്തിയ 22,000 പ്രഖ്യാപനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.