കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വെറ്ററന്‍ ഗോള്‍ കീപ്പര്‍ കരണ്‍ജീത് സിങ്ങുമായുള്ള കരാര്‍ നീട്ടി. 2024 വരെയാണു കരാര്‍ നീട്ടിയത്. രണ്ടു വര്‍ഷമായി കരണ്‍ജീത് ബ്ലാസ്‌റ്റേഴ്‌സിനൊപ്പമാണ്. 2021ല്‍ ജനുവരിയിലാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. 17 തവണ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 49 മത്സരങ്ങള്‍ കളിച്ച കരണ്‍ജീത് 13 കളിയില്‍ ഗോള്‍ വഴങ്ങിയില്ല. പഞ്ചാബില്‍ ജനിച്ച കരണ്‍ജീത് 15-ാം വയസില്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങി. 2004 ല്‍ ജെ.സി.ടി. ഫഗ്വാര എഫ്.സിയില്‍ ചേര്‍ന്ന കരണ്‍ജീത് ആറ് സീസണുകളില്‍ അവിടെ തുടര്‍ന്നു.
2010-11 സീസണില്‍ സാല്‍ഗോക്കറിലെത്തി. അരങ്ങേറ്റ സീസണില്‍ തന്നെ ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. പിന്നാലെ ഐ.എസ്.എല്‍. ക്ലബ് ചെന്നൈയിന്‍ എഫ്.സിയിലെത്തി. 2015 മുതല്‍ 2019 വരെ കളിച്ചു. 2015ലും 2018 ലും ഐ.എസ്.എല്‍. കിരീടം നേടി.