കാസർകോട്- കാസർകോട് ജില്ലയിൽ മൂന്നിടങ്ങളിലായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ നടന്ന മോഷണ കേസുകളിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചത് ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ. ജൂൺ മാസം രണ്ടാം തീയതി ബേക്കൽ കോട്ട ക്ഷേത്രത്തിലും 13 ന് കാസർകോട് ബി.ഇ.എം ഹയർസെക്കണ്ടറി സ്‌കൂളിലും 15 ന് ഉദുമ ജുമാ മസ്ജിദിലും നടന്ന മോഷണങ്ങളിലാണ് വിരലടയാള വിദഗ്ധരുടെ നിർണായക കണ്ടെത്തൽ. ഇതിൽ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു മോഷണങ്ങളും ഒരാൾ തന്നെ ചെയ്തതാണെന്ന് വ്യക്തമായി. ഒരു കുറ്റകൃത്യം നടന്നാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത് ഒരു കേസിന്റെ മുന്നോട്ടുള്ള പോക്കിന് വളരെ ആവശ്യമാണ്. അതിലൊരു പ്രധാന പങ്കുവഹിക്കുന്ന വിഭാഗമാണ് ഫിംഗർപ്രിന്റ് ബ്യൂറോ. കൃത്യം നടന്ന സ്ഥലത്തെ വിരലടയാളങ്ങളും മറ്റും ശേഖരിച്ച് അത് കേരളത്തിലെയും ഇന്ത്യയിലെയും കുറ്റവാളികളുടെ വിരലടയാളവുമായി ഒത്തു നോക്കിയാണ് വിവരശേഖരണം നടത്തുന്നത്. രാജ്യത്ത് നടക്കുന്ന മുഴുവൻ കുറ്റവാളികളുടെയും വിരലടയാളങ്ങൾ ‘നാഫിസ്’ എന്ന ഡാറ്റാബേസിൽ സമയാസമയങ്ങളിൽ പുതുക്കിക്കൊണ്ടിരിക്കും. എവിടെയെങ്കിലും കണ്ടെത്തിയ വിരലടയാളം ഈ ഡാറ്റാ ബേസിൽ നൽകിയാൽ സമാന വിരലടയാളം കണ്ടെത്താനാവുകയും അതുവഴി അതിന്റെ ഉടമയുടെ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. ബി.ഇ.എം സ്‌കൂളിൽ നിന്ന് ലഭിച്ച വിരലടയാളം പരിശോധിക്കുകയും, ഡാറ്റ ബേസിൽ അതിന് സമാനമായത് ലഭിക്കുകയും ആ ഫിംഗർ പ്രിന്റ് കർണാടകയിലെ ഹരിഹരപുര പോലീസ് സ്റ്റേഷനിൽ 2016 ൽ നടന്ന മറ്റൊരു മോഷണക്കേസിലെ പ്രതിയുടെതാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഉദുമ ജുമാ മസ്ജിദിൽ നടന്ന മോഷണത്തിലെ പ്രതിയുടെ വിരലടയാളം, ബേക്കൽ കോട്ടയിലെ ക്ഷേത്രത്തിൽ നടന്ന മോഷണത്തിന്റെ വിരലടയാളവുമായി ഒത്തുപോവുകയും അതിലൂടെ രണ്ട് മോഷണങ്ങളും നടത്തിയത് ഒരാളാണെന്ന് നിഗമനത്തിൽ എത്തുകയുമായിരുന്നു. ഇത്തരത്തിൽ കാസർകോട് പോലീസിന്റെ കുറ്റാന്വേഷണ രംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് ജില്ല ഫിംഗർ പ്രിന്റ് ബ്യൂറോ നൽകിവരുന്നത്. വിരലടയാള വിദഗ്ധരായ പി. നാരായണൻ, ഇ. പി അക്ഷയ്, ആർ രജിത, ഫോട്ടോഗ്രാഫേർസ് സി.പി.ഒ മാരായ അഖിൽ, ഉണ്ണികൃഷ്ണൻ എന്നിവരാണ് ഫിംഗർ പ്രിന്റ് ബ്യൂറോയിൽ നിലവിലുള്ള ഉദ്യോഗസ്ഥർ. 
2023 June 19Keralafinger printtitle_en: finger print bureau investigation in robbery

By admin

Leave a Reply

Your email address will not be published. Required fields are marked *