ഭോപ്പാൽ: മധ്യപ്രദേശിൽ കമിതാക്കളെ വെടിവച്ചു കൊലപ്പെടുത്തി മൃതദേഹങ്ങളിൽ കല്ല് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ തള്ളി. ശിവാനി തോമർ (18) , രാധേശ്യാം തോമർ(21) എന്നിവരെയാണ് വെടിവച്ചു കൊന്ന് നദിയിൽ തള്ളിയത്. സംഭവം ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
മധ്യപ്രദേശിലെ മൊറേന ജില്ലയിലെ രത്തൻബസായ് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. രാധേശ്യാമുമായുള്ള ശിവാനുയുടെ പ്രണയത്തെ എതിർത്തിരുന്ന വീട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ശിവാനിയുടെയും കുടുംബത്തിന്റെയും അയൽ ഗ്രാമമായ ബാലുപുര സ്വദേശിയാണ് രാധേശ്യാം.
രാധേശ്യാമിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും കാണാനില്ലെന്നു വ്യക്തമാക്കി പിതാവ് നൽകിയ പരാതിയാണ് കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നത്. ഇരുവരും കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നും രാധേശ്യാമിന്റെ പിതാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒളിച്ചോടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇവരെ കണ്ടതായി ഒരാൾ പോലും മൊഴി നൽകാതെ വന്നതോടെയാണ് പൊലീസിനു സംശയം തോന്നിയത്.
തുടർന്ന് ശിവാനിയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരെയും കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ജൂൺ മൂന്നിന് ഇരുവരെയും വെടിവച്ചു കൊന്നെന്നാണ് കുടുംബം പൊലീസിനു നൽകിയ മൊഴി. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ വലിയൊരു കല്ലിൽക്കെട്ടി ചംബൽ നദിയിൽ ഒഴുക്കിയതായും മൊഴി നൽകി.