നാഗ്പൂർ: മഹാരാഷ്ട്രയിലെ പഞ്ച്പൗളി പൊലീസ് സ്‌റ്റേഷൻ പരിധിയിൽനിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആക്രിക്കടക്ക് സമീപം നിർത്തിയിട്ട പഴയ കാറിനുള്ളിൽനിന്നാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
തൗഫീഖ് ഫിറോസ് ഖാൻ (4), ആലിയ ഫിറോസ് ഖാൻ (6), അഫ്രീൻ ഇർഷാദ് ഖാൻ (6) എന്നിവരാണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ടേക്ക നകയിലെ ഫാറൂഖ് നഗർ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടികളെ കാണാതായത്. കളിച്ചുകൊണ്ടിരിക്കെ വാഹനത്തിൽ കയറി അശ്രദ്ധമായി അകത്ത്നിന്നും പൂട്ടിയതോടെയാണ് കുടുങ്ങിപ്പോയതെന്നാണ് കരുതുന്നത്.
കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കുട്ടികളെ കാറിൽ ചേതനയറ്റ നിലയിൽ കണ്ടെത്തിയത്.
