പള്ളുരുത്തി: ഹോങ്കോങ്ങിൽ കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായി കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിജോ അഗസ്റ്റിന്റെ മാതാവ് ഷേർളി വിതുമ്പി. ജിജോയുടേത് സ്വാഭാവിക മരണമല്ലെന്നു ഷേർളി പറയുന്നു. മാത്രമല്ല, ജിജോയുടെ ലഗേജും ഫോണും മറ്റും ഇപ്പോഴും കപ്പൽ കമ്പനി തിരികെ നൽകിയിട്ടില്ല. ഹോങ്കോങ്ങിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടും കുടുംബത്തിന് ലഭിച്ചിട്ടില്ല. ശരീരത്തിൽ സംശയാസ്പദമായ പരുക്കുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കു.
ജിജോയെ (26) കഴിഞ്ഞ മാസം 14നാണു കപ്പലിൽ നിന്ന് കാണാതായത്. 17ന് ഹോങ്കോങ് തീരക്കടലിൽ നിന്ന് മൃതദേഹം കണ്ടെത്തി. കെഫ്ട്രെൽ എന്ന കപ്പലിലാണ് ജിജോ ജോലി ചെയ്തിരുന്നത്. കാണാതാകുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ജിജോ അമ്മയോടും സഹോദരിയോടും സംസാരിച്ചിരുന്നു.
‘‘എന്റെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അവനെ കപ്പലിൽ നിന്ന് കാണാതായത് ഏതു സാഹചര്യത്തിലാണെന്നു കപ്പൽ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. നീതി കിട്ടാനായി ഞങ്ങൾ ഏതറ്റം വരെയും പോകും’’- അമ്മ പറയുന്നു
കപ്പലിൽ എന്തോ ഗുരുതരമായ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തനിക്കറിയാമെന്നും കപ്പലിലുള്ള മറ്റു സുഹൃത്തുക്കളോടു ജിജോ പറഞ്ഞിരുന്നു. സുഹൃത്തുക്കളോടു പറഞ്ഞ വിവരം ക്യാപ്റ്റനടക്കമുള്ളവർ അറിഞ്ഞിട്ടുണ്ടെന്നു സഹോദരി ഷിജിയെ വിളിച്ചപ്പോൾ ജിജോ പറഞ്ഞു. വിവരം പുറത്തറിഞ്ഞാൽ ക്യാപ്റ്റനടക്കമുള്ളവരുടെ ജോലി നഷ്ടപ്പെടുമെന്നും ഇതുമൂലം ഭയത്തോടെയാണ് കപ്പലിൽ കഴിയുന്നതെന്നും ജിജോ പറഞ്ഞതായി സഹോദരി പറയുന്നു.
പിന്നീട് വീട്ടുകാർ ജിജോയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കപ്പൽ കമ്പനിയിൽ നിന്നു വീട്ടുകാരെ വിളിച്ചു ജിജോയെ കപ്പലിൽ കാണുന്നില്ലെന്ന വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രിക്കും ഹൈബി ഈഡൻ എംപിക്കും പരാതി നൽകി.
ഹൈബി ഈഡൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് ഹോങ്കോങ് പൊലീസ് പരിശോധന ശക്തമാക്കിയത്. തുടർന്ന് കടലിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഇതിനിടയിൽ വീട്ടുകാർ ജിജോയ്ക്കൊപ്പം കപ്പലിൽ ജോലി ചെയ്തിരുന്നവരെ വിളിച്ചു. ഇവരുടെ സംസാരത്തിലും സംശയമുണ്ടായി. കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ തന്റെ ജോലിയെ ബാധിക്കുമെന്ന് ഒരു ജീവനക്കാരൻ പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു.