അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ആർട്ടിക്, അന്റാർട്ടിക് മേഖലകളിലെ ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളും. അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21ന് ഈ ഗവേഷണ കേന്ദ്രങ്ങളിൽ യോഗാ സെഷനുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗാ സെഷനുകൾ സംഘടിപ്പിക്കുക. ഇന്ത്യൻ ആർട്ടിക് സ്റ്റേഷനായ ഹിമാദ്രിയിലും, അന്റാർട്ടിക് സ്റ്റേഷനായ ഭാരതിയിലും, പ്രൈം മെറിഡിയൻ ലൈനിന് സമീപമുള്ള രാജ്യങ്ങളിലും യോഗാ സെഷനുകൾ നടത്തുന്നതാണ്.
ഓഷ്യൻ റിംഗ് ഓഫ് യോഗയ്ക്ക് റഷ്യ, പോർച്ചുഗൽ, മൊറോക്കോ എന്നിവ ഉൾപ്പെടെ 34 രാജ്യങ്ങളിലെ ഇന്ത്യൻ നാവിക താവളങ്ങളിലും, തുറമുഖങ്ങളിലും, മറൈൻ വെസലുകളിലും യോഗ അവതരിപ്പിക്കുന്നതാണ്. അതേസമയം, ജൂൺ 21ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടക്കുന്നതാണ്. ദേശീയ ആഘോഷം മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ നയിക്കും.
