തിരുവനന്തപുരം ∙ സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വിൽപന ഇടിഞ്ഞെങ്കിലും മദ്യവിൽ‌പനയെ ഇതു ബാധിച്ചില്ല. കഴിഞ്ഞ നവംബറിൽ വിൽപന നികുതി നാലു ശതമാനം വർധിപ്പിക്കുകയും ഇത്തവണ ബജറ്റിൽ സെസ് ഏർപ്പെടുത്തുകയും ചെയ്തെങ്കിലും വിദേശമദ്യ വിൽപനയിൽ വലിയ ഏറ്റക്കുറച്ചിലുകളില്ല. വില കൂടിയാലും മദ്യം ജനം വാങ്ങും എന്നു സാരം. ബാറുകളിലേക്കും കൺസ്യൂമർ ഫെഡിലേക്കുമായി നൽകിയ മദ്യത്തിന്റെ അളവിൽ മുൻ വർഷത്തെ അപേക്ഷിച്ചു നേരിയ കുറവുണ്ടെങ്കിലും ബവ്കോ ഔട്‌ലെറ്റ് വഴിയുള്ള വിൽപന വർധിക്കുകയാണു ചെയ്തത്.

2022 ഏപ്രിൽ മുതൽ ജൂൺ 15 വരെയുള്ള രണ്ടര മാസം ബവ്കോയിൽ നിന്നു ബാറുകൾക്കും കൺസ്യൂമർ ഫെഡിനും നൽകിയതു 11.48 ലക്ഷം കെയ്സ് വിദേശമദ്യമായിരുന്നു. ഈ വർഷം ഇതേ കാലയളവിൽ ഇതു 11.36 ലക്ഷം കെയ്സ്. എന്നാൽ ബവ്കോ ഔട്‌ലെറ്റുകൾ വഴി  കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 32.48 ലക്ഷം കെയ്സ് വിദേശമദ്യം വിറ്റ സ്ഥാനത്ത് ഈ വർഷം വിൽപന 35.45 ലക്ഷമായി ഉയർന്നു.
സെസ് നിലവിൽ വന്നശേഷം ഏപ്രിൽ മുതൽ ജൂൺ 15 വരെയുള്ള രണ്ടര മാസത്തെ വിൽപനക്കണക്ക് ഇങ്ങനെയാണ്:  ബാറുകളിലേക്കും കൺസ്യൂമർ ഫെഡിലേക്കുമായി 11.36 ലക്ഷം കെയ്സ് വിദേശമദ്യവും 14.88 ലക്ഷം കെയ്സ് ബീയറും വിറ്റു. ബവ്കോ ഔട്‌ലെറ്റുകളിൽ 35.45 ലക്ഷം കെയ്സ് വിദേശമദ്യവും 11.77 ലക്ഷം കെയ്സ് ബീയറും വിറ്റു. രണ്ടര മാസത്തിനിടെ ആകെ വിൽപന 4091.61 കോടിയുടേത്. മാസം ശരാശരി 1636 കോടിയുടെ വിൽപന. 2023 മാർച്ചിൽ ബാറുകളിലേക്കും കൺസ്യൂമർ ഫെഡിലേക്കും ആകെ നൽകിയത് 5.06 ലക്ഷം കെയ്സ് വിദേശമദ്യവും 7.17 ലക്ഷം കെയ്സ് ബീയറുമാണ്.
ബവ്കോ ഔട്‌ലെറ്റുകൾ വഴി വിറ്റത് 15.60 ലക്ഷം കെയ്സ് വിദേശമദ്യവും 4.63 ലക്ഷം കെയ്സ് ബീയറും. സാമ്പത്തികവർഷം അവസാനിക്കുന്നതിനാൽ മാർച്ചിൽ വിൽപനയ്ക്കു നല്ല ‘പുഷ്’ കൊടുക്കാറുള്ളതിനാലാണു വിൽപന കൂടിയതെന്നു പറയുന്നു.‌ ആകെ 1556 കോടി രൂപയുടെ മദ്യം ബവ്കോ വിറ്റു. 500–1000 രൂപ വിലയുള്ള മദ്യത്തിന് 20 രൂപയും ആയിരത്തിനു മുകളിൽ വിലയുള്ള മദ്യത്തിനു 40 രൂപയുമാണു സർക്കാർ സെസ് ഏർപ്പെടുത്തിയത്. എന്നാൽ, ഇതു യഥാക്രമം 30, 50 രൂപ വീതമാണു ബവ്കോ കുപ്പികളിൽ ചുമത്തിയത്. സെസ് ചേർക്കുമ്പോഴുള്ള വിൽപനവിലയിൽ വിൽപന നികുതിയും വിറ്റുവരവു നികുതിയും ചുമത്തുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *