ഇംഫാൽ: മണിപ്പുരിൽ 249 പള്ളികൾ തകർക്കപ്പെട്ടതായി ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൻ. കത്തോലിക്കാ സഭയുടെ കീഴിലെ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും 10 വലിയ ആക്രമണങ്ങളുണ്ടായെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
സംഘർഷമുണ്ടായ ഉടനെ ആൾക്കൂട്ടം പള്ളികൾ കണ്ടെത്തിയതെങ്ങനെയെന്നതു സംശയകരമെന്നും ആക്രമണം ആസൂത്രിതമെന്നും ദേശീയമാധ്യമത്തിനു നൽകി അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞു. വൻസംഘർഷങ്ങൾക്കു സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിപ്പുരിൽ ആതീവജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒന്നര മാസത്തോളമായി സംഘർഷങ്ങൾ തുടരുന്ന മണിപ്പുരിൽ നിന്നും ദിവസവും പുറത്തുവരുന്നത് അക്രമങ്ങളുടെ വാർത്തയാണ്. ആൾക്കൂട്ടം തടിച്ചുകൂടുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ, ഇംഫാലിൽ ഇന്നലെ രാത്രി ഒൻപതരയോടെ നൂറുകണക്കിനു മെയ്തെയ് വനിതകൾ മനുഷ്യച്ചങ്ങല തീർത്തു. ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തിയ മുന്നൂറിലേറെപ്പേരെ സൈന്യം തടഞ്ഞു. ഇംഫാൽ പാലസ് കോംപൗണ്ടിൽ തടിച്ചുകൂടിയ ആയിരത്തോളം പേർക്കു നേരെ ദ്രുതകർമസേന റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു. 2 പേർക്കു പരുക്കേറ്റു.
ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിൽ തോക്കുകൾ തട്ടിയെടുക്കാനെത്തിയ ആൾക്കൂട്ടത്തെ ദ്രുതകർമസേന തുരത്തി. സൈന്യവും അസം റൈഫിൾസും ദ്രുതകർമസേനയും ചേർന്ന് ഇംഫാലിൽ ഫ്ലാഗ് മാർച്ച് നടത്തി. ബിഷ്ണുപുർ, ചുരാചന്ദ്പുർ ജില്ലകളിൽ യന്ത്രത്തോക്കുകൾ ഉപയോഗിച്ചുള്ള വെടിവയ്പ് നടന്നതായി സേനാ വൃത്തങ്ങൾ പറഞ്ഞു. പൊലീസിൽനിന്നു തട്ടിയെടുത്ത മൂവായിരത്തോളം തോക്കുകൾ ഇപ്പോഴും മെയ്തെയ് വിഭാഗത്തിന്റെ കൈവശമുണ്ട്.