ആദ്യകാലങ്ങളിൽ മനുഷ്യനിലുണ്ടാകുന്ന രക്തസ്രാവം വളരെ ഗുരുതരമായ പ്രശ്നമായിരുന്നു. രക്തം സ്വീകരിക്കാൻ ആദിമ കാലങ്ങളിൽ പരീക്ഷിച്ചിരുന്ന രീതി രോഗി ആരോഗ്യവാനായ മനുഷ്യ ശരീത്തിൽ നിന്ന് വായിലൂടെ നേരിട്ട് വലിച്ച് കുടിക്കൽ ആണ്. പിന്നീട് 1628ൽ വില്യം ഹാർവി രക്തചംക്രമണം കണ്ടെത്തിയതോടെ ഈ രീതി നിലച്ചു.
1667ൽ ചെമ്മരിയാട്ടിൽ നിന്ന് മനുഷ്യനിലേക്ക് രക്തം സ്വീകരിച്ച് വിജയിച്ചു. 1818ൽ ആദ്യമായി മനുഷ്യനിൽ നിന്ന് മനുഷ്യൻ രക്തം സ്വീകരിച്ചു. പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായ ഒരു സ്ത്രീക്കായിരുന്നു അന്ന് രക്തം നൽകിയത്. ഈ പരീക്ഷണങ്ങൾക്കിടെ ഗ്രൂപ്പ് മാറി രക്തം സ്വീകരിക്കാനിടയാവുകയും പലരും മരിക്കാനിടവരികയും ചെയ്തു. 20-ാം
നൂറ്റാണ്ടിലാണ് ഇന്നത്തെ പോലെ സുരക്ഷിതമായ രക്തസന്നിവേശമാർഗങ്ങൾ സ്വീകരിച്ച് തുടങ്ങിയത്. സോഡിയം സിട്രേറ്റ് രക്തത്തിൽ കലർത്തി ശീതികരണയന്ത്രത്തിൽ വെച്ച് രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാമെന്ന 1914ലെ കണ്ടെത്തൽ രക്തബാങ്ക് എന്ന ആശയത്തിന്റെ വൻ വിജയമായിരുന്നു. 1948ൽ രക്തം ശേഖരിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഇറങ്ങിയതോടെ സുരക്ഷിതമായി രക്തം സൂക്ഷിച്ചുവെക്കാൻ സാധിച്ചു.
രക്തഗ്രൂപ്പുകൾ:
1901ൽ കാൾ ലാൻസ്റ്റെയിനർ ആണ് എ, ബി, ഒ എന്നീ രക്‌തഗ്രൂപ്പുകൾ കണ്ടെത്തിയത്. ചുവന്ന രക്താണുക്കളുടെ ആന്റിജന്റെ സാന്നിധ്യവും അസാന്നിധ്യവും അടിസ്ഥാനമാക്കിയാണ് രക്ത ഗ്രൂപ്പുകൾ പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ തരംതിരിക്കുന്നത്. ഇതിലൊന്നും പെടാത്ത അപൂർവ രക്തഗ്രൂപ്പാണ് ബോംബേ രക്ത ഗ്രൂപ്പ് എന്നറിയപ്പെടുന്ന എച്ച്.എച്ച് രക്തഗ്രൂപ്പ്. 10000 ത്തിൽ ഒരാൾക്കാണ് ബോംബേ രക്തഗ്രൂപ്പ് കാണുന്നത്. 1868 ജൂൺ 14നാണ് കാൾ ലാൻസ്റ്റെയിനർ ജനിച്ചത് അതിനാലാണ് ജൂൺ 14 ലോക രക്തദാനദിനമായി ആചരിക്കുന്നത്.
ദാതാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
രക്തദാനത്തിന് തൊട്ടുമുമ്പത്തെ ദിവസം നന്നായി ഉറങ്ങണം
48 മണിക്കൂർ മുമ്പെങ്കിലും കൊഴുപ്പ് കുറഞ്ഞ ആഹാരം കഴിക്കണം
രക്തദാനത്തിന് ശേഷം ആശുപത്രിയിൽ 15 മിനിട്ട് വിശ്രമിക്കുകയും എന്തെങ്കിലും പാനിയം കുടിക്കുകയും വേണം
അർബുദ രോഗികൾ, അസാധാരണ രക്തസ്രാവമുള്ളവർ, എയിഡ്സ് രോഗികൾ, മതിയായ ഭാരമില്ലാത്തവർ, വൃക്ക രോഗികൾ, പ്രമേഹരോഗികൾ, അപസ്മാരമുള്ളവർ, കുഷ്ഠം, മാനസിക രോഗമുള്ളവർ എന്നിവരൊന്നും രക്തദാനം ചെയ്യരുത്
ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുളളവർ, ലഹരി മരുന്നിനടിമപ്പെട്ടവർ എന്നിവരിൽ നിന്നൊന്നും രക്തം സ്വീകരിക്കരുത്.