കൊച്ചി – രോഗിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറഞ്ഞ് അവയവങ്ങള്‍ ദാനം ചെയ്‌തെന്ന ആരോപണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് പിഴവ് പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. പിഴവ് സംഭവിച്ചിട്ടില്ലെന്നും സത്യാവസ്ഥ കോടതിയെയും പൊതുസമൂഹത്തെയും അറിയിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറഞ്ഞ് മലേഷ്യന്‍ സ്വദേശിക്ക് അവയവം ദാനം ചെയ്തുവെന്നാണ് ആശുപത്രിക്കെതിരെയുള്ള പരാതി.
കൊല്ലം സ്വദേശിയായ ഡോക്ടര്‍ ഗണപതി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതിയുടെ വസ്തുതകള്‍ പരിശോധിക്കാനാണ് നിര്‍ദേശം. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ഉടുമ്പന്‍ചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നല്‍കിയെന്നും ചട്ടങ്ങള്‍ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ആശുപത്രി വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. 14 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി മീഡിയ മാനേജര്‍ ലക്ഷ്മി പറഞ്ഞു. 2009 നവംബര്‍ 29 നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നുവെന്നാണ് പരാതി.
2023 June 18KeralaNo MistakeDonating organsExplanation from Hospital ഓണ്‍ലൈന്‍ ഡെസ്‌ക്title_en: No mistake in donating organs, Explanation from hospital