അത്താണി: തൃശൂരിലെ ബാങ്ക് ശാഖയിൽ സർക്കാർ ജീവനക്കാരനായ യുവാവ് നടത്തിയ അക്രമം റമ്മി കളിച്ചുണ്ടാക്കിയ കടം വീട്ടാനെന്നു മൊഴി. ആകെ 75 ലക്ഷം രൂപയുടെ കടമുണ്ടെന്ന് പ്രതിയായ പുതുരുത്തി ചിരിയങ്കണ്ടത്ത് ലിജോ (36) പൊലീസിനു മൊഴി നൽകി. വീട് 23 ലക്ഷം രൂപയുടെ വായ്പയിലാണെന്നും പ്രതി പൊലീസിനോടു പറഞ്ഞു. മൊഴി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി.
ശനിയാഴ്ച വൈകിട്ടാണ് അത്താണിയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു തീകൊളുത്താൻ ശ്രമിച്ച സംഭവത്തിൽ ലിജോ പിടിയിലായത്. അക്രമത്തിനു ശ്രമിക്കുമ്പോൾ ബാങ്ക് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.
തെക്കുംകര വില്ലേജ് ഓഫിസിൽ ഫീൽഡ് അസിസ്റ്റന്റ് ആണു ലിജോ. റമ്മി കളിച്ച് 75 ലക്ഷം രൂപയോളം കടബാധ്യതയുണ്ടെന്നാണ് ലിജോ പൊലീസിനോടു പറഞ്ഞത്. കൂട്ടുകാരിൽനിന്ന് ഉൾപ്പെടെ വൻതോതിൽ പണം വാങ്ങി റമ്മി കളിച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധികൾ മൂലം ഇയാൾ അസ്വസ്ഥനായിരുന്നുവെന്നു നാട്ടുകാർ വ്യക്തമാക്കിയിരുന്നു. പിടിയിലായ യുവാവിനു ബാങ്കുമായി ഒരു തരത്തിലുമുള്ള ഇടപാടുമില്ലെന്നു ഫെഡറൽ ബാങ്ക് അധികൃതരും വ്യക്തമാക്കിയിരുന്നു.