തിരുവനന്തപുരം – കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരായ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്റെ പോക്‌സോ ആരോപണം തള്ളി ക്രൈംബ്രാഞ്ച് സംഘം. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസിൽ കെ സുധാകരനെതിരെ ഇരയായ പെൺകുട്ടി ഒരു ഘട്ടത്തിലും മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറഞ്ഞു. 
 സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പോക്‌സോ കേസിലല്ലെന്നും മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലാണെന്നും അന്വേഷണസംഘം പറഞ്ഞു. 2019 ജൂലൈ 26-നാണ് വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചത്. സുധാകരൻ മോൻസന്റെ വീട്ടിലെത്തിയത് 2018 നവംബറിലാണെന്നും പോക്‌സോ കേസിലെ കോടതി രേഖകളിലൊന്നും സുധാകരന്റെ പേര് ഇല്ലെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. 
 പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട മോൻസന്റെ കൂട്ടുപ്രതിയാണ് സുധാകരനെന്ന ഗുരുതരമായ ആരോപണമാണ് സി.പി.എം സെക്രട്ടറി കെ.പി.സി.സി പ്രസിഡന്റിനെതിരേ ഉന്നയിച്ചത്. പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചതെന്നുമായിരുന്നു എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഈ ആരോപണത്തിൽ കൂടുതൽ ഉപചോദ്യങ്ങളുണ്ടായപ്പോൾ ‘ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് താൻ പറയുന്നത്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് വാർത്ത. ദേശാഭിമാനിയെ വിശ്വസിച്ചാണ് ഞാൻ പറയുന്നതെന്നും അത് വസ്തുതയാണെന്നും പരിശോധിക്കട്ടെയെന്നും’ എം.വി ഗോവിന്ദൻ ആവർത്തിക്കുകയായിരുന്നു.
2023 June 18KeralaCrime branch rejectsMV Govindhan’s POCSO accusationk sudhakarantitle_en: Crime branch rejects MV Govindhan’s POCSO accusation

By admin

Leave a Reply

Your email address will not be published. Required fields are marked *