‘ഈ കേസിൽ അതിജീവിതയായ പെൺകുട്ടി നൽകിയത് രഹസ്യ മൊഴിയാണ്. ആ മൊഴി ഗോവിന്ദൻ മാഷ് എങ്ങനെ അറിഞ്ഞു? അതാണ് ഇതിലെ പ്രസക്തമായ ചോദ്യം; കേസില്‍ തന്നെ പ്രതിയാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് സിപിഎമ്മാണെന്ന് ഇതോടെ തെളിഞ്ഞുവെന്ന് സുധാകരന്‍

തിരുവനന്തപുരം: പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എങ്ങനെയറിഞ്ഞു എന്ന ചോദ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. കേസില്‍ തന്നെ പ്രതിയാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് സിപിഎമ്മാണെന്ന് ഇതോടെ തെളിഞ്ഞുവെന്ന് സുധാകരന്‍ വിമര്‍ശിച്ചു. പീഡന സമയത്ത് ഞാൻ അവിടെയുണ്ടായിരുന്നു എന്നാണ് ഗോവിന്ദൻ മാഷ് പറയുന്നത്.

അദ്ദേഹം ആ സമയത്ത് എന്റെ അടുത്തുണ്ടായിരുന്നതു പോലെയാണ് പറച്ചിൽ. എനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിയായ മോൻസൻ തന്നെ പലതവണ ആവർത്തിച്ചു പറഞ്ഞു. അതിജീവിതയായ പെൺകുട്ടിയും എന്റെ പേരു പറഞ്ഞിട്ടില്ല. എം.വി.ഗോവിന്ദനെതിരെ സാധ്യമായ നിയമ നടപടികളെല്ലാം കൈക്കൊള്ളുമെന്നും സുധാകരൻ വ്യക്തമാക്കി.
‘‘ഈ കേസിൽ അതിജീവിതയായ പെൺകുട്ടി നൽകിയത് രഹസ്യ മൊഴിയാണ്. ആ മൊഴി ഗോവിന്ദൻ മാഷ് എങ്ങനെ അറിഞ്ഞു? അതാണ് ഇതിലെ പ്രസക്തമായ ചോദ്യം. അദ്ദേഹത്തിന് ഇതേക്കുറിച്ച് എങ്ങനെ വിവരം കിട്ടി? പോക്സോ കേസ് നടത്തുന്ന അഭിഭാഷകൻ പത്രക്കാരെ കണ്ടിരുന്നു. ഇത്തരമൊരു മൊഴി ആ പെൺകുട്ടി നൽകിയിട്ടില്ല എന്ന് അദ്ദേഹവും വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്? പീഡനം നടന്നത് എന്റെ സാന്നിധ്യത്തിലാണെന്ന് ഗോവിന്ദൻ മാഷ് പറഞ്ഞല്ലോ. ആ സമയത്ത് അദ്ദേഹം എന്റെ അടുത്തുണ്ടായിരുന്നോ എന്ന് അറിയില്ല. ആ സമയത്ത് എന്റെ അടുത്തുണ്ടായിരുന്നതു പോലെയാണ് ഗോവിന്ദൻ മാഷ് വർത്താനം പറഞ്ഞത്.’ – സുധാകരൻ ചൂണ്ടിക്കാട്ടി.
‘‘ഈ കേസിനു പിന്നിലുള്ള ശക്തിയാരെന്നു കണ്ടെത്താൻ ഞാൻ ഇതുവരെയും പാടുപെടുകയായിരുന്നു. കാരണം, ഇതിൽ പരാതി കൊടുത്തവർക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല. എന്നെ ഇതിൽ പ്രതിയാക്കാൻ അവരെ പ്രേരിപ്പിക്കുന്നത് ആരാണെന്ന് ഞാനും അന്വേഷിക്കുകയായിരുന്നു. ഇപ്പോൾ ഒരു കാര്യം വ്യക്തമായി. സിപിഎമ്മാണ് ഇതിനെല്ലാം പിന്നിൽ. സിപിഎമ്മിന്റെ സ്വാധീനമാണ് ഇതിനു പിന്നിൽ.
സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി ഈ ചെറുപ്പക്കാർക്ക് അഭേദ്യമായ ബന്ധമുണ്ട്. അങ്ങനെയാണ് ഈ പച്ച നുണ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. എനിക്കെതിരെ എന്തെങ്കിലും തെളിവു കാണിച്ചാൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ വാക്ക് ഇപ്പോഴും ആവർത്തിക്കുന്നു. മനസ്സാ വാചാ കർമണാ ഈ സംഭവത്തിൽ എനിക്ക് പങ്കില്ല. സാമ്പത്തികമായോ സാന്നിധ്യം കൊണ്ടോ എനിക്കതിൽ യാതൊരു പങ്കുമില്ല.’’
‘‘പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മോൻസൻ തന്നെ പറയുന്നു, ഇതുമായി സുധാകരന് യാതൊരു ബന്ധവുമില്ല എന്ന്. ആവർത്തിച്ച് ആവർത്തിച്ച് മോൻസൻ ഇക്കാര്യം പറയുന്നുണ്ട്. അതിജീവിതയായ പെൺകുട്ടി എന്റെ പേര് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നിട്ട് അവർ എന്റെ പേരു പറഞ്ഞതായി സിപിഎം യാതൊരു ലജ്ജയും കൂടാതെ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയമായാണ് അവർ ഇത് കൈകാര്യം ചെയ്യുന്നത്. എന്തു നെറികേടു കാട്ടാനും അവർ തയാറാകുമെന്ന് ഗോവിന്ദൻ മാഷിന്റെ പ്രതികരണത്തിലൂടെ വ്യക്തമായി.’
‘‘സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോട് എനിക്കു പറയാനുള്ളത് ഇതാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരിക്കുന്ന ഒരു സെക്രട്ടറിയുണ്ട്. കണ്ണൂരിൽനിന്ന് കൊണ്ടുപോയി അവിടെ ഇരുത്തിയിരിക്കുന്ന ഒരു സെക്രട്ടറി. അയാളുടെ ചരിത്രമൊന്ന് പരിശോധിച്ചിട്ടു വേണം എന്നേപ്പോലെ ഒരാളെ ഇത്തരമൊരു കേസിൽ പ്രതിക്കൂട്ടിൽ നിർത്തി വിമർശിക്കാൻ. ഇക്കാര്യത്തിൽ ഗോവിന്ദൻ മാഷിന് അൽപമെങ്കിലും നാണമുണ്ടോ? യാതൊരു മാന്യതയുമില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന ഗോവിന്ദൻ മാഷിന്റെ വാക്കുകളെ ഞാൻ പുച്ഛിച്ചു തള്ളുന്നു. അദ്ദേഹത്തിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും ഞാൻ സ്വീകരിക്കും.’ – സുധാകരൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *