തിരുവനന്തപുരം : ‌സംസ്ഥാനത്തെ ഇന്ധന വിൽപനയിൽ ഇടിവ്. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം വില കൂട്ടിയപ്പോൾ സ്വകാര്യ വാഹനങ്ങൾ ഇന്ധന ഉപയോഗം കുറച്ചതും കാരണം ഇന്ധന വിൽപനയിൽ ഇടിവ് രേഖപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിയതും ചരക്കു വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഡീസൽ നിറയ്ക്കുന്നതു പതിവാക്കിയതുമാകാം ഈ കുറവിനു പ്രധാന കാരണം. വിൽപന ഇടിഞ്ഞതോടെ നികുതിയിനത്തിൽ സർക്കാരിനു നഷ്ടവും ഏറെയാണ്.

കഴിഞ്ഞ ഏപ്രിൽ 1 മുതലാണ് പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ് സർക്കാർ ഏർപ്പെടുത്തിയത്. ഇതോടെ പെട്രോളിന് 109.42 രൂപയും (തിരുവനന്തപുരത്ത്) ഡീസലിന് 98.24 രൂപയുമായി വില ഉയർന്നു.  ഈ മാർച്ചിൽ 21.21 കോടി ലീറ്റർ പെട്രോൾ വിറ്റപ്പോൾ ഏപ്രിലിൽ വിൽപന 19.73 കോടി ലീറ്ററായി താഴ്ന്നു. 1.48 കോടി ലീറ്ററിന്റെ കുറവാണുണ്ടായത്. ഡീസലാകട്ടെ മാർച്ചിൽ 26.66 കോടി ലീറ്റർ വിറ്റെങ്കിൽ ഏപ്രിലിൽ 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലീറ്റർ കുറവ്.
2022 ഏപ്രിലിൽ 19.98 കോടി ലീറ്റർ പെട്രോളും 23.78 കോടി ലീറ്റർ ഡീസലുമാണു വിറ്റത്. ഒരു ലീറ്റർ പെട്രോളിന് 25 രൂപയും ഡീസലിന് 18 രൂപയുമാണ് സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി.  വിൽപന കുറ‍ഞ്ഞതു വഴി രണ്ടിലും കൂടി 150 കോടി രൂപയോളമാണു മാർച്ച്–ഏപ്രിൽ നികുതി വരുമാന വ്യത്യാസം. പ്രതിമാസം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഇന്ധനത്തിന്റെ വിൽ‌പന ഓരോ മാസവും കൂടുകയാണ് ചെയ്യുക. കോവിഡ് കാലത്തു മാത്രമാണ് ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞത്. സെസ് ഏർപ്പെടുത്തിയതോടെ സംസ്ഥാനാന്തര ചരക്കു വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നതു മറ്റു സംസ്ഥാനങ്ങളിൽ നിന്നാക്കി. കെഎസ്ആർടിസി പോലും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed