‘മലൈക്കോട്ടൈ വാലിബനി’ലെ പുത്തൻ ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

‘മലൈക്കോട്ടൈ വാലിബനി’ലെ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ വാലിബൻ ഗെറ്റപ്പിൽ വിശ്രമിക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. നേരത്തെ സിനിമയുടെ പാക്കപ്പ് പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ജൂൺ 13നാണ് മലൈക്കോട്ടൈ വാലിബന് സംവിധായകൻ ലിജോ ജോസ് പാക്കപ്പ് പറഞ്ഞത്.

രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. രാജസ്ഥാനിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. 77 ദിവസം നീണ്ട ചിത്രീകരണമായിരുന്നു രാജസ്ഥാനിൽ. അവിടെ വച്ച് ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷൻ. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്‌ഷന്‍ ജോലികളുണ്ടാകും. ക്രിസമസ് റിലീസ് ആയി ചിത്രം തിയറ്ററുകളിെലത്തും.
ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റു താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. വിദേശ താരങ്ങളടക്കമുള്ളവർ സിനിമയിൽ അണിനിരക്കുന്നുണ്ട്.
ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്.റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *