മണിപ്പുർ കത്തിയെരിയാന്‍ തുടങ്ങിയിട്ട് ഒന്നര മാസമായി. മേയ് മൂന്നിനു തുടങ്ങിയ കലാപത്തില്‍ 120 ഓളം പേര് കൊല്ലപ്പെട്ടു. നാനൂറോളം പേര്‍ക്കു ഗുരുതര പരിക്കേറ്റു. 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേര് കലാപത്തിന്റെ ഇരകളായി കഴിയുന്നുണ്ടെന്ന് ജൂണ്‍ രണ്ടിനു മണിപ്പുര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അര ലക്ഷത്തോളം പേര് ഭവനരഹിതരായെന്നു സന്നദ്ധ സംഘടനകള്‍ പറയുന്നു.
മേയ് മൂന്നിനു ശേഷം ഇതുവരെ മണിപ്പുുര് കലാപത്തില്‍ ചുരുങ്ങിയത് 117 പേര് കൊല്ലപ്പെട്ടു. 98 പേര് കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ ജൂണ്‍ രണ്ടിനു സ്ഥിരീകരിച്ചിരുന്നു. കുക്കി മേഖലയായ ചുരാചന്ദ്പുരില്‍ കഴിഞ്ഞ 12ന് ഒരാളെക്കൂടി വെടിവച്ചു കൊന്നതോടെ മരണസംഖ്യ 106 ആയി. പിന്നീട് കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി 11 പേര്‍ക്കൂടി കൊല്ലപ്പെട്ടു. തെരുവുകളിലും വീടുകളിലും വെടിയേറ്റു മരിച്ചു കിടക്കുന്നവരുടെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അനൗദ്യോഗിക മരണസംഖ്യ കൂടുതലാകാം.
വംശീയവും വര്‍ഗീയവും
പോലീസും അര്‍ധസൈനിക വിഭാഗങ്ങളും ആസാം റൈഫിള്‍സിലെ ഭടന്മാരും അക്രമങ്ങളില്‍ മൂകസാക്ഷികളായി നില്‍ക്കുകയോ, അക്രമികളെ പരോക്ഷമായി സഹായിക്കുകയോ ചെയ്യുന്നുവെന്നാണു കുക്കി ഗോത്രവര്‍ഗക്കാര്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിയും സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും സുരക്ഷ നല്‍കേണ്ട പോലീസും പട്ടാളവുമെല്ലാം പക്ഷം പിടിക്കുന്നുവെന്ന് മണിപ്പുരിലെ ബിജെപി എംഎല്‍എമാര്‍ പോലും പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.
കലാപത്തിന്റെ മറവില്‍ മണിപ്പുരിലെ ഇരുനൂറിലേറെ ക്രൈസ്തവ ദേവാലയങ്ങളും 1,800ലേറെ വീടുകളും കത്തിക്കുകയും തകര്‍ക്കുകയും ചെയ്തു. മണിപ്പുരില്‍ 253 ക്രൈസ്തവ ദേവാലയങ്ങൾ കത്തിച്ചതായി ചുരാചന്ദ്പുര്‍ ജില്ലയിലെ അംഗീകൃത ഗോത്രങ്ങളുടെ കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം പറഞ്ഞു. ഇംഫാലില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച മണിപ്പുര്‍ ഗവര്‍ണര്‍ അനുസൂയ യുകെയ്ക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് ഇക്കാര്യം രേഖാമൂലം ചൂണ്ടിക്കാട്ടിയത്.
വംശീയ അക്രമം ആണെങ്കില്‍ ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും തിരുസ്വരൂപങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്തതെന്തിനെന്ന് സര്‍ക്കാരിനിനിയും ഉത്തരമില്ല. കുക്കികളുടെയും മെയ്തെയ്കളുടെയും പള്ളികള്‍ തകര്‍ത്തു.
കേന്ദ്രമന്ത്രിക്കും സുരക്ഷയില്ല
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്.കെ. രഞ്ജന്‍ സിംഗിന്റെ മണിപ്പൂരിലെ ഔദ്യോഗിക വസതി വ്യാഴാഴ്ച വൈകുന്നേരം നൂറിലേറെ വരുന്ന ആള്‍ക്കൂട്ടം കത്തിച്ചു. ഇംഫാലിലെ വസതി കത്തിയെരിയുമ്പോള്‍ അദ്ദേഹം കേരളത്തിലായിരുന്നു. സംഭവിക്കുന്നതു സങ്കടകരമാണെന്നാണു മന്ത്രി വിശേഷിപ്പിച്ചത്. സംസ്ഥാന മന്ത്രി നെംച കിപ്ഗന്റെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെല്‍ മേഖലയിലുള്ള ഔദ്യോഗിക വസതിക്കു തീയിട്ടു ദിവസങ്ങള്‍ക്കകമാണു കേന്ദ്രമന്ത്രിയുടെ വീടിനും കലാപകാരികള്‍ തീയിട്ടത്.
ഭരണസിരാകേന്ദ്രമായ ഇംഫാലില്‍ പോലീസ് സംരക്ഷണമുള്ള മന്ത്രി വസതികളാണ് കര്‍ഫ്യു ഉള്ളപ്പോള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയത്. കേന്ദ്രമന്ത്രി രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വീട്ടില്‍ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥരും ഒമ്പതു സുരക്ഷാ അകമ്പടി ഉദ്യോഗസ്ഥരും എട്ട് അഡീഷണല്‍ ഗാര്‍ഡുകളും തോക്കുകളുമായി ഉണ്ടായിരുന്നപ്പോഴാണു രണ്ടുനില വീടിന് അക്രമികള്‍ തീയിട്ടത്. പിന്നെന്തിനാണു സുരക്ഷ? 1,200-ഓളം വരുന്ന ജനക്കൂട്ടം പെട്രോള്‍ ബോംബുകളെറിഞ്ഞുവെന്നു മന്ത്രിയുടെ എസ്കോര്‍ട്ട് കമാന്‍ഡര്‍ എല്‍. ദിനേശ്വര്‍ സിംഗ് പറഞ്ഞു. രണ്ടാം തവണയാണു മന്ത്രിയുടെ വീട് ജനക്കൂട്ടം ആക്രമിക്കുന്നത്. .
ദുരന്തമായി മോദിയുടെ മൗനം
അതിരൂക്ഷ കലാപം 40 ദിവസത്തിനു ശേഷവും തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനം ദുരൂഹവും അപലപനീയവുമാണ്. മേയ് മൂന്നിന് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെ മണിപ്പുരിലെ ക്രമസമാധാനപാലനം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തിരുന്നുവെന്നത് ഈ മൗനത്തിന്റെ ഗൗരവവും അപകടവും വര്‍ധിപ്പിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 355 അനുസരിച്ചുള്ള അത്യപൂര്‍വ നടപടിയായിരുന്നു മണിപ്പൂരിലെ ക്രമസമാധാന പാലനം പൂര്‍ണമായി കേന്ദ്രം ഏറ്റെടുത്തത്.
ക്രമസമാധാനപാലന ചുമതല പൂര്‍ണമായി കേന്ദ്രം ഏറ്റെടുത്ത ശേഷവും വര്‍ഗീയ അക്രമങ്ങളും കൊള്ളയും കൊള്ളിവയ്പും കൊലപാതകങ്ങളും തുടരുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു പ്രധാനമന്ത്രി മോദിക്കും ആഭ്യന്തരമന്ത്രി ഷായ്ക്കും കൈകഴുകാനാകില്ല. സമാധാനത്തിനുള്ള ആഹ്വാനം പോലും പ്രധാനമന്ത്രി ഇനിയും ചെയ്തിട്ടില്ല! വിദേശത്തെ അക്രമങ്ങളെപ്പോലും അപലപിക്കുമ്പോഴാണു സ്വന്തം ജനതയുടെ കൂട്ടക്കൊലയില്‍ പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നത്.
തെരഞ്ഞെടുപ്പുകാലത്തു മണിപ്പുരില്‍ ഓടിയെത്തിയിരുന്ന പ്രധാനമന്ത്രി മോദിയെ ഇപ്പോള്‍ കാണാനോ കേള്‍ക്കാനോ ഇല്ലെന്നാണു മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് ചൂണ്ടിക്കാട്ടിയത്. മണിപ്പുരിലെ സ്ഥിതി പഠിക്കാനും സമാധാനത്തിനുമായി സര്‍വകക്ഷിസംഘത്തെ അയയ്ക്കണമെന്ന ആവശ്യത്തോടും സുപ്രീംകോടതി നിരീക്ഷണത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന ആവശ്യത്തോടും കേന്ദ്രം ഇനിയും പ്രതികരിച്ചിട്ടില്ല.
പൊള്ളയായ സമാധാനം
മണിപ്പുര്‍ കലാപം തുടങ്ങി ആഴ്ചകള്‍ക്കുശേഷം കഴിഞ്ഞ മാസം 31നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരിലെത്തി പേരിനു സമാധാനശ്രമങ്ങള്‍ തുടങ്ങിയത്. ഒമ്പതു യോഗങ്ങളാണു ഷാ മണിപ്പുരില്‍ നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച 51 അംഗ സമാധാന കമ്മിറ്റിയെ മെയ്തെയ്- കുക്കി വംശജര്‍ ഒരുപോലെ തള്ളിയതോടെ ഷായുടെ സമാധാനശ്രമത്തിന്റെ പൂച്ച് പുറത്തായി. സമാധാന കമ്മിറ്റി ഭൂരിപക്ഷം പേരും ബഹിഷ്കരിച്ചു.
ഏകപക്ഷീയ നടപടികളുമായി വിവാദത്തിലായ മുഖ്യമന്ത്രി എന്‍. ബിരേൻ സിംഗിനെ പാനലില്‍ ഉള്‍പ്പെടുത്തിയതിൽ പ്രതിഷേധിച്ച് കുക്കി വിഭാഗം തുടക്കത്തിലെ സമിതി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
മണിപ്പുരിലെ കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇന്‍പിയുടെ (കിം) പ്രസിഡന്റ് അജാങ് ഖോംഗ്സായിയെ സമാധാന സമിതിയില്‍ ഉള്പ്പെടുത്തിയതുപോലും സംഘടനയുമായി കൂടിയാലോചനയില്ലാതെ ആണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മറുവശത്ത്, മെയ്തെയ് ആധിപത്യമുള്ള ഇംഫാല്‍ താഴ്വരയില്‍നിന്നുള്ള അഞ്ചു സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയായ മണിപ്പൂര്‍ ഇന്റഗ്രിറ്റിയുടെ (കൊക്കോമി) ഏകോപനസമിതിയും സമാധാന പ്രക്രിയയുടെ ഭാഗമാകാന്‍ വിസമ്മതിച്ചു. മണിപ്പുർ ഇന്റഗ്രിറ്റി കണ്‍വീനര്‍ ജീതേന്ദ്ര നിങ്കോംബയെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് ആലോചിക്കാതെയാണെന്ന് അവരും കുറ്റപ്പെടുത്തി.
വംശീയ ഉന്മൂലനം നടത്തിയ വ്യക്തികളുമായി സമാധാനചര്‍ച്ച നടത്തുന്നതില്‍ ഒരു യുക്തിയുമില്ലെന്ന കുക്കി ഇന്‍പിയുടെ നിലപാടിനെ അപ്പാടെ കുറ്റം പറയാനുമാകില്ല. ശാശ്വത സമാധാനത്തിന് പ്രത്യേക മേഖലയായി മണിപ്പുരിനെ അംഗീകരിക്കണമെന്ന കുക്കികളുടെ ആവശ്യവും കീറാമുട്ടിയാണ്.
സര്‍ക്കാരിന്റെ കൂട്ട് ആപത്ത്
മണിപ്പുരില്‍ സര്‍ക്കാര്‍തന്നെ അക്രമികള്‍ക്കു കൂട്ടുനില്‍ക്കുകയാണെന്നാണ് ഇംഫാലില്‍ ദ്വിദിന സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും പറഞ്ഞത്. ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത അക്രമങ്ങളാണ് നടക്കുന്നതെന്നു കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപിയും പറയുന്നു.
മണിപ്പുര്‍ കലാപം 40 ദിവസം കഴിഞ്ഞും തുടരുമ്പോഴും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. കേന്ദ്രത്തിന്റെ വീഴ്ചകള്‍ക്കും പ്രധാനമന്ത്രിയുടെ മൗനത്തിനുമെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം പ്രതിപക്ഷ നേതാക്കള്‍ രൂക്ഷവിമര്‍ശനങ്ങളാണു നടത്തിയത്.
വിഭവങ്ങളില്‍ വിവേചനമരുത്
പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന 52 ശതമാനം വരുന്ന മെയ്തെയ് വിഭാഗത്തിന്റെ ആവശ്യവും അതിനെതിരേയുള്ള ഗോത്രവര്‍ഗക്കാരുടെ ആശങ്കയും പ്രതിഷേധവുമാണ് കലാപത്തിലേക്കു നയിച്ചത്. ആദിവാസി വിദ്യാര്‍ഥി സംഘടനകള്‍ മേയ് മൂന്നിന് മലയോര ജില്ലകളില്‍ സംഘടിപ്പിച്ച ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന്റെ പേരിലായിരുന്നു അക്രമങ്ങളും കൊലയും നടന്നത്. മെയ്തെയ്കള്‍ക്കു വലിയ മേധാവിത്വമുള്ള സര്‍ക്കാരിന്റെയും മെയ്തെയ്ക്കാരനായ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെയും നടപടികളും പ്രസ്താവനകളും പ്രശ്നം വഷളാക്കി.
ആദിവാസികളുടെ പട്ടികവര്‍ഗ പദവി എടുത്തുകളയാന്‍ പോലും ഹിന്ദുത്വവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗോത്രവര്‍ഗം സംശയിക്കുന്നു. ആദിവാസി ഗോത്രങ്ങള്‍ താമസിക്കുന്ന മലകളിലെ വികസനം ഇല്ലായ്മയും പ്രശ്നമാണ്. കൈവശമുള്ള ഭൂമിയും കാടും കൂടി ഭൂരിപക്ഷ മെയ്തെകള്‍ കൈയേറുമെന്ന ഭീതി ചെറുതല്ല.
വിഭവങ്ങളുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഇംഫാലിലും പരിസരങ്ങളിലുമാണ്. പ്രമുഖ സര്‍വകലാശാലകള്‍, കോളജുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍, സൗകര്യങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പത്തു ശതമാനം വരുന്ന ഇംഫാല്‍ പ്രദേശത്താണ്. സര്‍ക്കാരും ജീവനക്കാരും മുതല്‍ കൂടുതല്‍ വിദ്യാഭ്യാസം വരെ മെയ്തെയ്കള്ക്കാണ്് ആധിപത്യം. ഗോത്രവര്‍ഗക്കാരിലെ നല്ല ശതമാനം നൂറ്റാണ്ടിനു മുമ്പേ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണെന്നതും ശ്രദ്ധേയമാണ്.
മുറിവുണക്കാന്‍ ഒന്നിക്കാം
മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇനിയും വൈകരുത്. ആദിവാസികളെ സംരക്ഷിക്കാനും അവരുടെ അവകാശങ്ങള്‍ കവരാതിരിക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കട്ടെ. വംശീയവും വര്‍ഗപരവും സംവരണപരവുമായ പ്രശ്നത്തില്‍ വര്‍ഗീയ അതിക്രമം തീര്‍ത്തും തെറ്റാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്രസര്‍ക്കാരും കോടതികളും ഇക്കാര്യത്തില്‍ കൂടുതല്‍ ക്രിയാത്മക നടപടി സ്വീകരിച്ചേ മതിയാകൂ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാത്തവര്‍ രാജിവച്ചു പുറത്തു പോകുകയാണ് ഭേദം.
കാലം എല്ലാം സുഖപ്പെടുത്തുമെന്നാണു പഴമൊഴി. പക്ഷേ മണിപ്പുരിലെ ആഴത്തിലുള്ള മുറിവുകള്‍ ഭേദമാകാന്‍ സമയമെടുത്തേക്കും. തകര്‍ത്ത വീടുകളും ഗ്രാമങ്ങളും പള്ളികളും പുനര്‍നിര്‍മിക്കാനും കുടിയിറക്കപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാനും മനുഷ്യജീവനുകളുടെ നഷ്ടം അംഗീകരിക്കാനും ശത്രുത ഒഴിവാക്കി സ്നേഹത്തിലേക്കു ജനതയെ നയിക്കാനും രാജ്യം ഒറ്റക്കെട്ടായി ഉണരട്ടെ. ഇനിയൊരു മണിപ്പുര്‍ ആവര്‍ത്തിക്കപ്പെടരുത്.