ഡൽഹി: ഗുജറാത്തിൽ നിന്നും ദിശ മാറിയ ബിപോർജോയ് ഇന്ന് രാജസ്ഥാനിൽ വീശയടിക്കും. ഇന്ന് രാവിലെ 11 മണിയോടെ രാജസ്ഥാനിൽ എത്തുന്ന ചുഴലിക്കാറ്റ് ജലോർ, ചനോഡ്, മാർവർ എന്നീ മേഖലയിൽ നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ എത്തുന്നതോടെ, ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയാകാനാണ് സാധ്യത.
അതേസമയം, ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തെ തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വരും മണിക്കൂറിൽ കനത്ത മഴ അനുഭവപ്പെടുന്നതാണ്. ചുഴലിക്കാറ്റ് ആദ്യമെത്തിയ ഗുജറാത്തിന്റെ തീരമേഖലയിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാറിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ 8 ജില്ലകളിലാണ് ബിപോർജോയ് കനത്ത നാശനഷ്ടം വിതച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് ഭൂരിഭാഗം ഗ്രാമങ്ങളും ഇരുട്ടിലാണ്. അതിനാൽ, വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം അതിവേഗത്തിൽ നടത്തുന്നുണ്ട്. ഈ മേഖലയിൽ നിന്ന് മുഴുവൻ ജനങ്ങളെയും മറ്റിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചതിനാൽ, ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
