– പാർട്ടിക്കള്ളിലെങ്കിലും രാജാവേ അങ്ങ് ഉടുവസ്ത്രം ധരിക്കാതെയാണ് നില്ക്കുന്നതെന്ന് പറയാൻ ഒരാളെങ്കിലും ഇല്ലാതെ പോയല്ലോ!
തിരുവനന്തപുരം – മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കൾക്കുമെതിരേ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്ന സി.പി.എം ദേശീയ നേതൃത്വം കേരളത്തിലങ്ങോളമിങ്ങോളം മാധ്യമ പ്രവർത്തകരെ വേട്ടയാടുമ്പോഴും അക്ഷന്തവ്യമായ മൗനം തുടരുകയാണ്. ജോസഫ് സ്റ്റാലിന്റെ പ്രേതമാണ് കേരള മുഖ്യമന്ത്രിയെ പിടികൂടിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
 പിണറായി വിജയന് മുമ്പിൽ മുട്ടിടിക്കുന്ന സീതാറാം യെച്ചൂരി അടക്കമുള്ള പി.ബി അംഗങ്ങളാണോ രാജ്യത്തെ ഫാസിസത്തെ പരാജയപ്പെടുത്താൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സ്വതന്ത്രവും നിർഭയവുമായ അഭിപ്രായപ്രകടനം ഭരണഘടനയിലൂടെ ഉറപ്പുനല്കിയ രാജ്യമാണ് നമ്മുടേത്. ജനാധിപത്യം അഭംഗുരം മുന്നോട്ടു പോകുന്നതിന്ന് മാധ്യമസ്വാതന്ത്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ഒരു രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടി ഏകാധിപത്യമാണ്. മാധ്യമപ്രവർത്തകർ വേട്ടയാടപ്പെടുമ്പോൾ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എം.എ ബേബിയുമടങ്ങുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളിൽനിന്ന് യഥാർത്ഥ കമ്യൂണിസ്റ്റുകാർ ഇതല്ല പ്രതീക്ഷിച്ചത്. സ്വന്തം പാർട്ടിക്കാരനായ ഒരു മുഖ്യമന്ത്രിയുടെ മുമ്പിൽ മുട്ടിടിക്കുന്ന നിങ്ങളാണോ ഇന്ത്യൻ ഫാസിസത്തെ ചെറുത്തു പരാജയപ്പെടുത്തുമെന്ന് പറയുന്നതെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ ചോദിച്ചു.
 മഹാരാജാസ് കോളേജിലെ ‘മാർക്ക് വിവാദം’ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെ ഭരണകൂടം ജയിലിലടക്കാനാണോ പോകുന്നത്? അധികാര സ്ഥാനങ്ങൾക്ക് നിരന്തരം അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകർ സി.പി.എമ്മിന്റെ നോട്ടപ്പുള്ളിയായിട്ട് കാലമേറെയായി. പൊതുമേഖലാ സ്ഥാപനത്തിൽ നടക്കുന്ന ക്രമക്കേടുകളും പുറംവാതിൽ നിയമനങ്ങളും വായനക്കാരിലേക്ക് എത്തിച്ചുവെന്നതാണ് മറ്റൊരു മാധ്യമപ്രവർത്തകൻ ചെയ്ത കുറ്റം. രാജാവിനേക്കാൾ രാജഭക്തിയുള്ള ഉപദേശകർ, അവിവേകികളായ ഒരു കൂട്ടം ഉദ്യോഗസ്ഥർ, മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഒരു സംഘം മന്ത്രിമാർ, സർവോപരി ‘രാജാധി രാജൻ നീണാൾ വാഴട്ടെ’യെന്ന് ആർത്തുവിളിക്കുന്ന സി.പി.എം. നേതാക്കൾ. പാർട്ടിക്കള്ളിലെങ്കിലും രാജാവേ അങ്ങ് ഉടുവസ്ത്രം ധരിക്കാതെയാണ് നില്ക്കുന്നതെന്ന് പറയാൻ ഒരാളെങ്കിലും ഇല്ലാതെ പോയല്ലോ!
ലോകമുതലാളിത്തത്തിന്റെ തലസ്ഥാനം സന്ദർശിച്ച്, ഫിദൽ കാസ്‌ടോയുടെ നാട്ടിലൂടെ അനന്തപുരിയിലേക്ക് മുഖ്യമന്ത്രി തിരിച്ചെത്തുകയാണല്ലോ, ഒരുപാട് യാത്രാ അനുഭവങ്ങളുമായി. ലോകം ഏറെ മുന്നോട്ടു പോയെന്ന് അങ്ങയ്ക്ക് ഇനിയും മനസ്സിലായില്ലേ. സ്റ്റാലിനിസത്തിന്റെ തടവറയിൽനിന്ന് താങ്കൾ പുറത്ത് കടന്ന് ഇനിയെങ്കിലും തെറ്റുകൾ തിരുത്തണമെന്നും മുല്ലപ്പള്ളി ഓർമിപ്പിച്ചു.

 
2023 June 16KeralaMULLAPPALY RAMACHANDRAN AGAINST PINARAYI VIJAYANMEDIA CASEASIANET REPORTERCPIM PBtitle_en: MULLAPPALY RAMACHANDRAN AGAINST CPM LEADERS

By admin

Leave a Reply

Your email address will not be published. Required fields are marked *