തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. സ്റ്റെഫിന വി പെരേര(49)യാണ് മരിച്ചത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു.
ഇതോടെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടോടെ യുവതി മരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരണ കാരണം വ്യക്തമായത്.
കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധയേറ്റുള്ള മരണവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊല്ലം നിലമേല്‍ സ്വദേശിയായ 48കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ഇദ്ദേഹത്തിന് മുഖത്ത് കടിയേറ്റത്. തുടര്‍ന്ന് പേവിഷ പ്രതിരോധ വാക്‌സീന്‍ എടുത്തിരുന്നു.