മധുര: തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയെ മധുര ജില്ലാ സൈബർ ക്രൈം പൊലീസ് വെള്ളിയാഴ്ച രാത്രി ചെന്നൈയിൽ വെച്ച് അറസ്റ്റ് ചെയ്തു.മധുര എം.പി സു വെങ്കിടേശനെതിരായ ട്വീറ്റിന്‍റെ പേരിലാണ് അറസ്റ്റെന്നാണ് സൂചന. അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി വി. സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സൂര്യയുടെ അറസ്റ്റ്.
മലം നിറഞ്ഞ ഓട വൃത്തിയാക്കാന്‍ ഒരു ശുചിത്വതൊഴിലാളിയെ ഇടത് കൗണ്‍സിലറായ വിശ്വനാഥന്‍ നിര്‍ബന്ധിച്ചെന്നും അലര്‍ജിയെ തുടര്‍ന്ന് തൊഴിലാളി മരിച്ചെന്നും സൂര്യ ആരോപിച്ചിരുന്നു. “നിങ്ങളുടെ വിഘടനവാദത്തിന്‍റെ കപട രാഷ്ട്രീയം അഴുക്കുചാലിനെക്കാള്‍ മോശമാണ്, മനുഷ്യനായി ജീവിക്കാൻ ഒരു വഴി കണ്ടെത്തൂ, സുഹൃത്തേ!” എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. സംഭവത്തെ സൂര്യ ശക്തമായി അപലപിക്കുകയും എം.പി സു വെങ്കിടേശന് കത്തയക്കുകയും ചെയ്തിരുന്നു. ഇതാണ് അറസ്റ്റിനു കാരണമായതെന്നാണ് സൂര്യയുടെ അനുയായികള്‍ ആരോപിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിനെതിരെ രംഗത്തുവന്നു. വിമർശനങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിന് പകരം വിയോജിപ്പുള്ള ശബ്ദങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ട് ഡി.എം.കെ സർക്കാർ സ്വേച്ഛാധിപത്യ നടപടികളിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി പ്രവർത്തകരുടെ ആവർത്തിച്ചുള്ള അറസ്റ്റുകൾ സ്വേച്ഛാധിപത്യ പ്രവണതയെ സൂചിപ്പിക്കുന്നുവെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.ഇത്തരം അടിച്ചമർത്തലുകൾ ബിജെപിയെ തളർത്തില്ലെന്നും ജനങ്ങള്‍ക്കു വേണ്ടി ധീരമായി വാദിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
