ആലപ്പുഴ∙ ഡെങ്കിപ്പനിക്കു പിന്നാലെ ജില്ലയിൽ എലിപ്പനിയും പടരുന്നു. ഈ മാസം ഇതുവരെ ജില്ലയിൽ 11 പേർക്ക് എലിപ്പനി ബാധിച്ചു. കൃഷ്ണപുരം, ചമ്പക്കുളം, മംഗലം, മണ്ണഞ്ചേരി,ആലപ്പുഴ എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥീരീകരിച്ചത്. എലിപ്പനി പടരുന്നതു ശ്രദ്ധയിൽ പെട്ടതോടെ ആരോഗ്യവകുപ്പ് ഇന്നലെ ജാഗ്രതാ നിർദേശം പുറത്തിറക്കി. മഞ്ഞപ്പിത്തം, ചിക്കൻ പോക്സ് എന്നിവയും ജില്ലയിൽ പടരുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെ 12 പേർക്കു മഞ്ഞപ്പിത്തവും 28 പേർക്കു ചിക്കൻപോക്സും സ്ഥിരീകരിച്ചു.
പനി പടർന്നുപിടിക്കുമ്പോഴും, ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയ്ക്കെത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ക്ലിനിക് തുറന്നില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകൾ തുടങ്ങുമെന്നു ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതനുസരിച്ച് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും പനി ക്ലിനിക്കുകൾ തുടങ്ങി. എന്നാൽ പനി ക്ലിനിക് തുടങ്ങാൻ നിർദേശം ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയിലെ സായാഹ്ന ഒപിയിൽ പനി ബാധിതർക്കു സേവനം ലഭിക്കുമെന്നും അധികൃതർ പറയുന്നു.
ജില്ലയിൽ പനി ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നു. ഈ മാസം 15 വരെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയത് 8507 പേർ. ഇതിൽ ആദ്യ പത്തു ദിവസം ചികിത്സ തേടിയത് 5459 പേരാണ്. ഒരു ദിവസം ശരാശരി 540 പേർ. എന്നാൽ കഴിഞ്ഞ 5 ദിവസങ്ങളിലായി പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചു. ജില്ലയിൽ പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാതല ദ്രുതകർമസേന യോഗം ചേർന്നു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് അധ്യക്ഷത വഹിച്ചു. കൊതുകുപടർത്തുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണം നടത്തണമെന്നു യോഗം നിർദേശിച്ചു. വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഉറവിട നശീകരണം നടത്തണം.