കൊച്ചി: ലൈബീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഫ്ട്രെല് എന്ന കപ്പലിലെ ജീവനക്കാരനായിരുന്ന ജിജോ അഗസ്റ്റിന്റെ മൃതദേഹം ഇന്നു കൊച്ചിയിലെത്തും. സംസ്കാരം നാളെ പതിനൊന്നിന് നടത്തും.
ഇന്നു വെളുപ്പിനുള്ള കാത്തെ പസഫിക് വിമാനത്തില്‍ മുംബൈയിലെത്തുന്ന മൃതദേഹം ലോജിസ്റ്റിക്സ് ചുമതലയുള്ള ഹോങ് കോങ് ഫ്യൂനറല്‍ ലോജിസ്റ്റിക്സ് സര്‍വീസ് ലിമിറ്റഡിന്റെ പ്രതിനിധികള്‍ ഏറ്റു വാങ്ങും. അവിടെ നിന്നും കാര്‍ഗോ സൗകര്യമുള്ള ഫ്ളൈറ്റില്‍ കൊച്ചിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ജിജോ അഗസ്റ്റിന്റെ എംബാം ചെയ്ത മൃതശരീരം ഇന്നലെയാണു ഹോങ് കോങ്ങില്‍ നിന്നും മുബൈയിലേയ്ക്ക് അയച്ചത്.
കൊച്ചി വിമാനത്താവളത്തില്‍ നിന്നും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് പൊതു ദര്‍ശനത്തിനായി മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം പള്ളുരുത്തിയിലെ വീട്ടില്‍ എത്തിക്കും.
മെയ് 14നാണു ജിജോയെ കാണാതാവുന്നത്. മകനെ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കാര്യക്ഷമമായ അന്വേഷണത്തിനായി ഇടപെടണമെന്നും ഹൈബി ഈഡന് എം.പിയോടു മാതാവ് ഷേര്‍ളി അഭ്യര്‍ഥിച്ചിരുന്നു.