ഗൂഢാലോചന, കവർച്ച, ലഹരി, ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക തട്ടിപ്പ്, വഞ്ചനാ കേസ്: തട്ടിയെടുക്കുന്ന പണം മുഴുവനും ആര്‍ഭാട ജീവിതത്തിന്; കുപ്രസിദ്ധ പെൺ ഗുണ്ട പൂമ്പാറ്റ സിനി കാപ്പ ചുമത്തി അറസ്റ്റിൽ

തൃശൂര്‍: വ്യാജസ്വര്‍ണം പണയംവച്ച് സ്ഥാപനങ്ങളേയും ആളുകളെയും കബളിപ്പിച്ച കേസുകളില്‍  എറണാകുളം പള്ളുരുത്തി തണ്ടാശേരി വീട്ടില്‍ സിനി ഗോപകുമാ(പൂമ്പാറ്റ സിനി- 48)റിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ഗൂഢാലോചന, കവര്‍ച്ച, അക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി സാമ്പത്തിക തട്ടിപ്പുകേസുകളിലും വഞ്ചനാ കേസുകളിലും പ്രതിയാണ് ഇവർ.

പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ താമസിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയാണ് രീതി.
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതിനും മറ്റുമായി നൂറു കണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നല്‍കി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതും രീതിയായിരുന്നു. ആരെയും വശീകരിക്കുന്ന സംഭാഷണ ചാതുരിയില്‍ പലരും വിശ്വസിച്ച് വീണുപോകുകയാണ്. സമ്പന്നയാണെന്നും സ്വന്തമായി റിസോര്‍ട്ടുകളുണ്ടെന്നും പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കും.
പണം  എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാണ് ഇവർ തട്ടിപ്പിനിരയായവരോട്  പറഞ്ഞിരുന്നത്.  ചിലപ്പോള്‍ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തും. ആലപ്പുഴയിലായിരുന്നു ആദ്യകാല കുറ്റകൃത്യം. പിന്നീട് താവളം എറണാകുളത്തേക്കും തൃശൂരിലേക്കും വ്യാപിപ്പിച്ചു. കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടച്ചിട്ടുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. തട്ടിയെടുക്കുന്ന പണം മുഴുവനും ആര്‍ഭാട ജീവിതത്തിന് ഉപയോഗിച്ചു.
ആലപ്പുഴ അരൂര്‍, കുത്തിയതോട് എന്നീ പോലീസ് സ്‌റ്റേഷനുകളിലും എറണാകുളം മുളവുകാട്, ചെങ്ങമനങ്ങാട്, തോപ്പുംപടി, ടൗണ്‍ സൌത്ത്, എറണാകുളം സെന്‍ട്രല്‍, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശൂര്‍ -പുതുക്കാട്, കൊടകര, മാള, ടൗണ്‍ ഈസ്റ്റ്, ഒല്ലൂര്‍, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി 50ല്‍ പരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2008ല്‍ ആലപ്പുഴ അരൂരില്‍ വ്യാപാരിയുടെ അസ്വാഭാവിക മരണവുമായി രജിസ്റ്റര്‍ ചെയ്ത കേസിന്റെഅന്വേഷണത്തിനിടെ സിനിയാണ് മരണത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപയിലധികം പണം തട്ടിയെടുത്തിനെത്തുടര്‍ന്നാണ് വ്യാപാരി ആത്മഹത്യ ചെയ്തത് എന്നാണ് കണ്ടെത്തിയത്.
2014 ല്‍ എറണാകുളം കണ്ണമാലിയില്‍ സ്വര്‍ണനിര്‍മിതമായ നടരാജ വിഗ്രഹം വില്‍ക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരിയില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസും മറ്റൊരാളില്‍ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്തതിനും കേസുണ്ട്. 2014ല്‍ എറണാകുളം വനിതാ പോലീസ് കോണ്‍സ്റ്റബിളാണെന്നു പറഞ്ഞ് തൊട്ടടുത്ത ജ്വല്ലറിയില്‍ നിന്നും 45.75 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ വാങ്ങി മുങ്ങിയിരുന്നു. എറണാകുളം ഫോര്‍ട്ട് കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഭാര്യയാണെന്നു വിശ്വസിപ്പിച്ച് കൊച്ചിയിലെ വ്യാപാരിയില്‍ നിന്നും 22 ലക്ഷം തട്ടിയതായും കേസുണ്ട്.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് തൃശൂര്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയാണ് ഇവര്‍ക്കെതിരേ കാപ്പ ചുമത്തിയത്. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ വീട്ടില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *