മുതിർന്ന പൗരന്മാരിൽ പലരുടെയും പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് കഴിച്ചുകൂട്ടുക പതിവാണ്. ഉറക്കക്കുറവു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അവരെ ബാധിക്കുമ്പോഴും ഉറക്കം മിക്കപ്പോഴും അകലെത്തന്നെ നിൽക്കുന്നു. ഉറങ്ങിയാൽത്തന്നെ രാത്രി പല തവണ ഉണരുന്ന പ്രശ്നവും മുതിർന്ന പൗരന്മാരിൽ കൂടുതലായി കണ്ടുവരുന്നതാണ്. മുതിർന്ന പൗരന്മാർക്ക് ദിവസവും 7–8 മണിക്കൂർ ഉറക്കം ആവശ്യമാണ്.
ഉറക്കം കുറയാനുള്ള കാരണങ്ങൾ
∙ അസുഖങ്ങൾ, അധികമായ ചിന്ത, അനാവശ്യമായ വേവലാതി, വാതരോഗം കൊണ്ടുള്ള വേദന തുടങ്ങിയവ.
∙ വിഷാദരോഗം, ഏകാന്തത.
∙ അധ്വാനക്കുറവ് ഉറക്കത്തെ കുറയ്ക്കും. പകൽ കുറച്ചു മാത്രം അധ്വാനിക്കുന്നവർ രാത്രി ഉറങ്ങാൻ പ്രയാസപ്പെടാറുണ്ട്. വ്യായാമം ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി.
ഉറക്കം കുറയുന്നതിലൂടെ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ
∙ ഉറക്കക്കുറവ് മൂലം മാനസികപ്രശ്നങ്ങൾ ഉണ്ടാകാം.
∙ ദഹനക്കുറവ്, മലബന്ധം, ശരീരബലക്കുറവ്, ക്ഷീണം തുടങ്ങിയവയ്ക്ക് സാധ്യത.
∙ സ്ഥിരമായി ഉറക്കം കുറയുമ്പോൾ മുടികൊഴിച്ചിൽ വർധിക്കാൻ സാധ്യത.
∙ കണ്ണുകളുടെ താഴെ കറുപ്പുനിറമുണ്ടാകാൻ സാധ്യത. ഉറക്കക്കുറവ് ക്രമേണ ത്വക്‌രോഗങ്ങൾക്കു വരെ കാരണമാകാം.
ഉറങ്ങാം, ചിട്ടയോടെ
∙ ഉറക്കത്തിന് കൃത്യമായ സമയം നിശ്ചയിക്കുക. കൃത്യമായി ആ സമയം പാലിക്കുക.
∙ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.
∙ ഉറക്കത്തിനു മുൻപ് പാട്ടു കേൾക്കുന്നതു പതിവാക്കാം.
∙ മാനസിക സമ്മർദം കുറയ്ക്കാം. ഉറക്കത്തിനു മുൻപ് അൽപനേരം പുസ്തകങ്ങൾ വായിക്കാം.
∙ ഉച്ചയുറക്കം രാത്രിയിലെ ഉറക്കത്തെ കുറയ്ക്കാനിടയുണ്ട്. ഉച്ചയുറക്കം ഒഴിവാക്കാം.
∙ വ്യായാമം ശീലമാക്കാം.
∙ രാത്രിയിലെ അമിത ഭക്ഷണം ഒഴിവാക്കണം.
∙ ഉറങ്ങാൻ പോകുന്നതിനു മുൻപ് കാപ്പിയും ചായയും കുടിച്ചാൽ ഉറക്കക്കുറവിന് സാധ്യതയുണ്ട്.