കൊടിയത്തൂര്‍: ഇടത് വലത് സര്‍ക്കാറുകള്‍ മാറി മാറി ഭരിച്ചിട്ടും മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാന്‍ സീറ്റില്ലാതെ പ്രയാസപ്പെടുകയാണ്. മലബാറിനോടുള്ള കടുത്ത അവഗണനക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് നയിക്കുന്ന വാഹന പ്രചരണ ജാഥ ജൂണ്‍ 18 ന് വൈകു. 3 ന് തോട്ടുമുക്കത്ത് നിന്നാരംഭിക്കും. മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.ജാഫര്‍ ഉദ്ഘാടനം ചെയ്യും.
കൊടിയത്തൂര്‍ പഞ്ചായത്തിലെ മൂന്ന് ഹൈസ്കൂളുകളില്‍ നിന്ന് പരീക്ഷയെഴുതി വിജയിച്ച 950 കുട്ടികള്‍ക്ക് ഉപരിപഠനത്തിന് കൊടിയത്തൂര്‍, ചെറുവാടി, തോട്ടുമുക്കം എന്നീ മൂന്ന് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലുമായി 360 സീറ്റുകള്‍ മാത്രമാണുള്ളത്. 590 കുട്ടികള്‍ക്ക് സീറ്റില്ല.
സി.ബി.എസ്.സി ഉള്‍പ്പെടെ ആയിരത്തില്‍ പരം വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിവിജയച്ചിരിക്കെ +2 പഠനത്തിന് എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. സമീപ പഞ്ചായത്തുകളിലും ഇതാണവസ്ഥ. തുടര്‍പഠനത്തിന് പുതിയ ബാച്ചുകള്‍ അനുവദിച്ച് നാട്ടില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന വാഹന ജാഥ പള്ളിത്താഴെ, ഗോതമ്പറോഡ്, എരഞ്ഞിമാവ്, മാട്ടുമുറി, കാരക്കുറ്റി, കൊടിയത്തൂര്‍, സൗത്ത് സ്വീകരണകേന്ദ്രങ്ങളിലൂടെ ചുള്ളിക്കാപറമ്പില്‍ സമാപിക്കും.
ആവശ്യമായ ബാച്ചുകളനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമ ഹരജി സമര്‍പ്പിക്കും. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, കെ.ജി സീനത്ത്, മുക്കം നഗരസഭ കൗണ്‍സലര്‍ ഗഫൂര്‍ മാസ്റ്റര്‍, ഫാത്തിമ കൊടപ്പന, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, കെ.ടി ഹമീദ്, റഹീം ചേന്ദമംഗല്ലൂര്‍, ഇ.എന്‍ നദീറ, ജ്യോതി ബസു കാരക്കുറ്റി, റഫീഖ് കുറ്റ്യോട്ട്, നൂറുദ്ദീന്‍ തേക്കുംകുറ്റി, മുഹമ്മദ് മാളിയേക്കല്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.
