ന്യൂഡൽഹി – ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വസതിയായ തീന്മൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരിൽ നിന്ന് നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്.
‘അൽപ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോഡി’യെന്ന് തന്നെയെന്ന് സംഭവത്തോടായി എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ മാധ്യമവിഭാഗം തലവനുമായ ജയറാം രമേശ് പ്രതികരിച്ചു. കഴിഞ്ഞ 59 വർഷമായി ആഗോള ബൗദ്ധിക കേന്ദ്രവും പുസ്തകങ്ങളുടേയും ചരിത്രരേഖകളുടേയും നിധിയുമാണ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി. അരക്ഷിതാവസ്ഥയുടെ അമിതഭാരം പേറിയ ഒരു ചെറിയ, ചെറിയ മനുഷ്യനാണ് ഈ സ്വയം പ്രഖ്യാപിത വിശ്വ ഗുരുവെന്ന് ജയറാം രമേശ് ട്വീറ്റിൽ മോഡിയെ പരിഹസിച്ചു.
നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻ.എം.എം.എൽ) പേര് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കിയാണ് മോഡി സർക്കാർ ഇന്നലെ പുനർ നാമകരണം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയർമാനായുള്ള എൻ.എം.എം.എൽ സൊസൈറ്റിയുടെ യോഗമാണ് നെഹ്‌റുവിന്റെ പേര് സ്ഥാപനത്തിൽനിന്നും വെട്ടിമാറ്റാൻ തീരുമാനിച്ചത്. മോഡിയുടെ അനുഗ്രഹാശിസ്സുകളോടെ, സൊസൈറ്റി വൈസ് പ്രസിഡന്റും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ചരിത്രത്തെ തമസ്‌കരിക്കുന്ന ഈ നിർണായക തീരുമാനമെടുത്തത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, അനുരാഗ് ഠാക്കൂർ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങൾ.
2023 June 16Indianehru museum name rechangedJairam Ramesh strongly reactedcongress leaders against Modi govt.title_en: Jairam Ramesh strongly reacted to the name change of Nehru Museum