ഡൽഹി : അമേരിക്കയില്‍നിന്ന് എം ക്യു 9 റീപ്പര്‍ ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ അനുമതി. 30 ഡ്രോണുകളില്‍ 15 എണ്ണവും നാവികസേനയ്ക്ക് നല്‍കിയേക്കും. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി ഉടന്‍ അന്തിമാനുമതി നല്‍കും.പ്രിഡേറ്റര്‍ എന്നും ഹണ്ടര്‍ കില്ലര്‍ എന്നും വിളിപ്പേര്. നിരീക്ഷണത്തിനും ആക്രമണത്തിനും സിഐഎയുടെ വിശ്വസ്തന്‍.
മെക്സിക്കന്‍ അതിര്‍ത്തി മുതല്‍ ഇങ്ങ് പാക്–അഫ്ഗാന്‍ അതിര്‍ത്തി വരെ അമേരിക്ക ഉപയോഗിച്ച എം ക്യു 9 റീപ്പര്‍ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. കര–നാവിക–വ്യോമസേനകള്‍ക്കായി 10 എണ്ണം വീതം ലഭ്യമാക്കാനായിരുന്നു ആദ്യ ആലോചന. എങ്കിലും നാവികസേനയ്ക്ക് 15 ഡ്രോണുകള്‍ വരെ നല്‍കിയേക്കും. 2020 മുതല്‍ രണ്ട് സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ അമേരിക്കയില്‍നിന്ന് പാട്ടത്തിനെടുത്ത് നാവികസേന ഉപയോഗിക്കുന്നുണ്ട്. ലേസര്‍ നിയന്ത്രിത ബോംബുകളും ഹെല്‍ഫയര്‍ മിസൈലുകളുമാണ് പോര്‍മുന.
അമേരിക്കന്‍ കമ്പനിയായ ജനറല്‍ ആറ്റോമിക്സാണ് നിര്‍മാതാക്കള്‍. 40,000 അടി ഉയരത്തില്‍ 30 മുതല്‍ 40 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറക്കും. വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരെണ്ണത്തിന് 250 കോടിയില്‍ കുറയില്ല. ഡ്രോണിലെ ക്യാമറയ്ക്ക് 3.2 കിലോമീറ്റര്‍ ദൂരെയുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പോലും ഒപ്പിയെടുക്കാം.
ഈ വര്‍ഷമാദ്യം കരിങ്കടലിന് മുകളില്‍ സുഖോയ് 27 യുദ്ധവിമാനവുമായി നേര്‍ക്കുനേര്‍വന്ന എം ക്യു 9 റീപ്പര്‍ ഡ്രോണിനെ ഇന്ധനം ചീറ്റി കടലില്‍ വീഴ്ത്തി റഷ്യ. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം തുടരുമ്പോള്‍ എം ക്യു 9 റീപ്പര്‍ ഡ്രോണുകളുടെ വരവ് ഇന്ത്യയ്ക്ക് വന്‍ മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാംപുകളെയും ലക്ഷ്യമിടാം.
