അടുത്തയാഴ്ച മുതൽ ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കും

തിരുവനന്തപുരം : ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം അടുത്തയാഴ്ച വർധിപ്പിക്കും. ഉൽപ്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെ ബുധനാഴ്ച മുതൽ 12,000 കേയ്സ് മദ്യം പ്രതിദിനം ഉൽപ്പാദിപ്പിക്കും. നിലവിൽ ഉൽപ്പാദനം 8000 കേയ്സാണ്.
മദ്യം നിർമിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററിൽനിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയർത്താൻ അനുമതി തേടി ജവാൻ റമ്മിന്റെ ഉൽപ്പാദകരായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സർക്കാരിനു കത്തു നൽകി. സർക്കാർ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കേയ്സ് മദ്യം ഉൽപ്പാദിപ്പിക്കാൻ കഴിയും.
മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാൻ പ്രീമിയവും പുറത്തിറക്കാൻ ആലോചിക്കുന്നതായി കമ്പനി അധികൃതർ പറഞ്ഞു. ജവാന്റെ ഒരു ലീറ്റർ കുപ്പിയാണ് ഇപ്പോൾ വിപണിയിലുള്ളത്. പുതുതായി ആരംഭിച്ച രണ്ടു ലൈനുകളിലേക്ക് ബ്ലൻഡിങ് ലൈനുകൾ കൂട്ടിച്ചേർക്കുന്ന ജോലി ബുധനാഴ്ച പൂർത്തിയാകും. 1.5 ലക്ഷം കേയ്സ് ജവാൻ റമ്മാണ് പ്രതിമാസം വിൽക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *