ജിദ്ദ: ഇന്ത്യയുടെയും പാകിസ്ഥാന്റെയും തീരങ്ങളിൽ വൻ ഭീഷണിയായി നിലനിൽക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ബിപർജോയ് സൗദിയിലും പ്രതിധ്വനിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഹസ്സൻ കറാനി മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഫലമായി സൗദി പ്രദേശങ്ങളിൽ ശക്തമായ കാറ്റ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒമാനി പ്രദേശത്തിനുള്ളിൽ ബിപർജോയ് ചുഴലിക്കാറ്റിന്റെ സ്ട്രാറ്റോസ്ഫെറിക് മേഘങ്ങളുടെ വ്യക്തമായ നിലയിലുള്ള മുന്നേറ്റമാണ് കാണുന്നത്. ഇത് നിരവധി സൗദി നഗരങ്ങളിൽ ഇടിമിന്നലുകൾക്ക് ഇടയാക്കും. സൗദി പ്രദേശങ്ങളായ ത്വായിഫ്, ഖമീസ് മുഷൈത്ത്, നജ്‌റാൻ, ജിസാൻ, പടിഞ്ഞാറൻ സന എന്നിവിടങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്നാണ് ഹസ്സൻ കറാനി പ്രവചിക്കുന്നത്. ചുഴലിക്കാറ്റ് ഒമാൻ പ്രദേശങ്ങളിൽ എത്തുന്നതിന്റെ വീഡിയോ ഭൂപടം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ചേർത്തുകൊണ്ടാണ് ഹസ്സൻ കറാനിയുടെ പ്രവചനം.
അതേസമയം, അറബിക്കടലിൽ നിന്ന് വരുന്ന ബിപർജോയ് ചുഴലിക്കാറ്റ് സൗദി അറേബ്യയെ ബാധിക്കില്ലെന്നായിരുന്നു നേരത്തേ സൗദിയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചിരുന്നത്. പ്രത്യേകിച്ച്, ചുഴലിക്കാറ്റിന്റെ ദിശ കിഴക്ക് ദിശയിലാണെന്നും അത് കരയിൽ എത്തുന്നതോടെ അന്തരീക്ഷത്തിന്റെ മേൽപാളികളിൽ താഴ്ന്നിറങ്ങുമെന്നമായിരുന്നു വിശദീകരണം.
