കോട്ടയം: എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജനപക്ഷം നേതാവ് പി സി ജോർജ്. കേരളത്തിലെ ഇടത് സർക്കാർ സാമൂഹ്യവിരുദ്ധരുടെ അഭയ കേന്ദ്രമായി മാറിയെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.
പിണറായി വിജയനെതിരേ ആരെങ്കിലും ശബ്ദിച്ചാലോ സമരം നടത്തിയാലോ പ്രതിയാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. കോടതികൾ പ്രവർത്തിക്കുന്നത് കൊണ്ടു മാത്രമാണ് താൻ പുറത്തിറങ്ങി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, ആരോഗ്യം വ്യവസായം, വിദ്യാഭ്യാസം തുടങ്ങി സർവ മേഖലകളെയും തകർത്ത ഭരണമാണ് കഴിഞ്ഞ ഏഴ് വർഷമായി നടക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുകടം 4.67 ലക്ഷം കോടിയായി മാറിയിട്ടും ധൂർത്തും അഴിമതിയും സർക്കാർ തുടരുകയാണ്. സ്വർണ കള്ളകടത്ത്, ലൈഫ് മിഷൻ കോഴ എന്നീ കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണ്.
കെ റെയിൽ പദ്ധതി വഴി കോടികളുടെ കമ്മീഷൻ അടിക്കാനായിരുന്നു ഇടത് സർക്കാരിന്റെ പദ്ധതി. ജനങ്ങളുടെ ശക്തമായ എതിർപ്പോടെയാണ് സർക്കാരിന് പിന്നാക്കം പോകേണ്ടി വന്നത്.
മോൻസൻ മാവുങ്കൽ വായ തുറന്നാൽ ഒരു മന്ത്രിയും, രണ്ട് മുൻ മന്ത്രിമാരും, പ്രൈവറ്റ് സെക്രട്ടറിമാരും പ്രതിക്കൂട്ടിലാകുമെന്നും പി.സി. ജോർജ് ആരോപിച്ചു. കോട്ടയം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
