നാടുനീളെ മോഷണം, പിടിക്കപ്പെടും ജയിൽവാസം കഴിഞ്ഞിറങ്ങിയും മോഷണം; ബിജു വീണ്ടും കുടുങ്ങി

മല്ലപ്പളളി: മോഷണം നടത്തി ജയിലില്‍ പോകുന്നതും ഇറങ്ങിയ ശേഷം വീണ്ടും മോഷണം നടത്തുകയും  പതിവാക്കിയ മോഷ്ടാവ് കീഴ്‌വായ്പൂർ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വെമ്പായം പോത്തന്‍കോട് സെന്റ് തോമസ് യു.പി.  സ്‌കൂളിന് സമീപം ജൂബിലി ഭവൻ ബിജു(സെബാസ്റ്റ്യൻ  53)വാണ് അറസ്റ്റിലായത്.

വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി മോഷണകേസുകളില്‍ പ്രതിയാണ്. മല്ലപ്പള്ളി ജോര്‍ജ് മാത്തന്‍ ആശുപത്രി ഫാര്‍മസി റൂമില്‍ മാര്‍ച്ച് 29ന് പുലര്‍ച്ചെ അഞ്ചിന് ഫാര്‍മസിസ്റ്റായ മുരണി മൂര്‍ത്തിപ്ലാക്കല്‍ ബിന്ദു വേണുഗോപാലിന്റെ 80000 രൂപ വിലവരുന്ന രണ്ട് പവന്‍ സ്വര്‍ണമാല കവരുകയായിരുന്നു.
പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കിയിരുന്നു.
ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.  മല്ലപ്പള്ളി കിഴക്ക് ചാലുങ്കല്‍ പഞ്ചമി ദാസ് (36), ആനിക്കാട് നല്ലൂര്‍ പടവ് കരിമ്പോലില്‍ കമലസനന്റെ മകന്‍ വിശാല്‍ (28) എന്നിവരുടെ പരാതികള്‍ പ്രകാരമാണ് കേസുകള്‍ എടുത്തത്. പഞ്ചമിദാസിന്റെ വീടിന്റെ അടുക്കളയില്‍ മാര്‍ച്ച് 29ന് തന്നെ കയറി അടുക്കളഭാഗത്തെ ടാപ്പും ജനലിന്റെ നെറ്റും ഇളക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഏപ്രില്‍ ഒമ്പതിന് രാത്രി ഒമ്പതിനും 10ന് രാവിലെ ഏഴിനുമിടയില്‍ മല്ലപ്പള്ളി കെ മാര്‍ട്ട് ഷോപ്പിങ് കോംപ്ലക്‌സിലെ പലചരക്കു കടയുടെ മുന്‍ഭാഗം ഗ്ലാസ്  തകര്‍ത്ത് കടയ്ക്കുള്ളില്‍ കയറി ജീവകാരുണ്യ സംഭാവനയ്ക്കായി വച്ചിരുന്ന രണ്ട് ബോക്‌സുകളിലെ 1500 രൂപയും ഡ്രോയറില്‍ നിന്നും 34800 രൂപയും മോഷ്ടിച്ചതാണ് മൂന്നാമത്തെ കേസ്.
കടയ്ക്ക് പുറത്ത് വച്ചിരുന്ന ഉടമയുടെ 70000 രൂപയുള്ള സ്‌കൂട്ടറും മോഷ്ടിച്ചു. ചോദ്യം ചെയ്യലില്‍ നിരവധി മോഷണങ്ങളെപ്പറ്റി പ്രതി വെളിപ്പെടുത്തി. ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ ആറിന് ബജാജ് പള്‍സർ ബൈക്ക് മോഷ്ടിച്ച് എടുത്താണ് ഒമ്പതിന് ആനിക്കാട് കെ മാര്‍ട്ടില്‍ എത്തി മോഷണം നടത്തിയത്.
അവിടെ ആ ബൈക്ക് ഉപേക്ഷിച്ചിട്ട് അവിടെ നിന്നെടുത്ത സ്‌കൂട്ടറുമായി കടന്നു. പിന്നീട് പായിപ്പാട് ഉപേക്ഷിച്ചു. ഏപ്രില്‍ 12ന് ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ യമഹ ബൈക്ക് മോഷ്ടിച്ചു.
മാര്‍ച്ച് 25നാണ് ബിജു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായത്. തുടര്‍ന്നാണ് ഈ മോഷണങ്ങളും നടത്തിയത്. 26ന് വെമ്പായത്തു നിന്നും ഹോണ്ട യുണികോണ്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചാണ് മോഷണ പരമ്പരയ്ക്ക് തുടക്കമിട്ടത്.
അടുത്ത ദിവസം രാത്രിയും 28ന് പുലര്‍ച്ചയ്ക്കുമിടയില്‍ അടൂരില്‍ നിന്നും റെനാള്‍ട്ട് കാര്‍ മോഷ്ടിച്ചു. പോലീസ് അന്വേഷണത്തിൽ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിന് സമീപമുള്ള വര്‍ക്ക് ഷോപ്പില്‍ നിന്നും കാര്‍ കണ്ടെടുത്തു.
തിരുവനന്തപുരം കഴക്കൂട്ടം, വെഞ്ഞാറമ്മൂട്, പോത്തന്‍കോട്, കോട്ടയം ഏറ്റുമാനൂര്‍, പള്ളിക്കാത്തോട്, ആലപ്പുഴ ചെങ്ങന്നൂര്‍, കൂടാതെ പുളിക്കീഴ്, ആറന്മുള, കീഴ്‌വായ്പ്പൂര്‍ എന്നീ സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ പതിനാറോളം   മോഷണക്കേസുകള്‍ ബിജുവിനെതിരെ നിലവിലുണ്ട്.
എസ്.ഐമാരായ ബി.എസ്. ആദര്‍ശ്, സുരേന്ദ്രന്‍, എ.എസ്.ഐമാരായ അജു കെ. അലി, ഉണ്ണികൃഷ്ണന്‍, സീനിയര്‍ സി.പി.ഓ പി.എച്ച്. അന്‍സിം, സി.പി.ഓമാരായ രതീഷ്, വിഷ്ണു, ദീപു, ഷഫീഖ്, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *