ബംഗളൂരു: കർണാടകയിൽ ബിജെപിയെ തുരത്തി കോൺഗ്രസ് അധികാരം പിടിച്ചെടുത്തപ്പോൾ തന്നെ എല്ലാവർക്കും ഉറപ്പായിരുന്നു മാറ്റങ്ങൾ സംഭവിക്കുമെന്ന്. ഒട്ടും വൈകാതെ തന്നെ അത് പ്രാബല്യത്തിൽ കൊണ്ടുവരാനും സിദ്ധരാമയ്യ സർക്കാരിന് സാധിച്ചു.
കർണാടകയിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ ജനദ്രോഹ നയങ്ങൾ ഒന്നൊന്നായി പൊളിച്ചെഴുതുകയാണ് കോൺഗ്രസ്. വിവാദ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി. ഗോവധ നിരോധന നിയമം റദ്ദാക്കി. സ്കൂൾ പാഠപുസ്തകങ്ങളിൽ ബിജെപി തീരുകിക്കയറ്റിയ പാഠഭാഗങ്ങൾ പിൻവലിച്ചു. ഹിജാബ് വിഷയത്തിലെ നിലപാട്. ഇങ്ങനെ നീളുന്നു കോൺഗ്രസ് കൊണ്ടുവന്ന മാറ്റങ്ങൾ.
ഗോവധ നിരോധന നിയമം പിൻവലിക്കുമെന്ന പ്രഖ്യാപനമായിരുന്നു ആദ്യം നടത്തിയത്. പിന്നീട് ഹിജാബ് വിഷയത്തിനും നിർണായക നിലപാട് സ്വീകരിച്ച് ന്യൂനപക്ഷങ്ങളെ കോൺഗ്രസിനോട് അടുപ്പിച്ചു. ഏറ്റവും ഒടുവിൽ ഇന്ന് ബിജെപി സർക്കാർ കൊണ്ടുവന്ന വിവാദ മതപരിവർത്തന നിരോധന നിയമവും റദ്ദാക്കി.
ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. നിര്‍ബന്ധിച്ചു മതംമാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.
2022 സെപ്റ്റംബർ 21നാണ് ബസവരാജ് ബൊമ്മെ സർക്കാർ സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം പാസാക്കിയത്. അന്ന് അതിനെതിരേ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
നിർബന്ധപൂർവ്വം മതം മാറ്റുന്നത് തടയാനാണ് നിയമം എന്നായിരുന്നു ബിജെപി സർക്കാരിന്‍റെ ന്യായീകരണം. എന്നാൽ നിയമം ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യംവച്ചുള്ളതാണെന്നാണ് പ്രതിപക്ഷം ഉൾപ്പെടെ ആരോപിച്ചിരുന്നത്.
ബിജെപി സർക്കാരിന്‍റെ കാലത്ത് സ്കൂൾ പാഠപുസ്തകങ്ങളിൽ പുതിയതായി ചേർത്ത പാഠഭാഗങ്ങൾ പിൻവലിക്കാനും സിദ്ധരാമയ്യ മന്ത്രിസഭ തീരുമാനിച്ചു. സവർക്കറിനേയും ഹെഡ്‌ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതു നിര്‍ബന്ധമാക്കി. ഇത് വലിയൊരു മാറ്റമാണ്. പ്രത്യേകിച്ച് ഭരണഘടന മൂല്യങ്ങൾ തകർക്കാൻ മോദി സർക്കാർ ശ്രമിക്കുന്ന ഈ കാലത്ത്.
