കോടികളുടെ സാമ്പത്തിക തട്ടിപ്പ്; പെരിങ്ങോത്ത് നാല് സി.പി.എം.  നേതാക്കളെ പുറത്താക്കി

പെരിങ്ങോം: കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിങ്ങോത്ത് നാല് സി.പി.എം. നേതാക്കൾക്കെതിരേ നടപടി. ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കൾ കൂടിയാണ്.
പെരിങ്ങോം ലോക്കൽ കമ്മിറ്റി അംഗം അഖിൽ, പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗം റാംഷ, തിരുമേനി ലോക്കൽ കമ്മിറ്റി അംഗം സേവ്യർ പോൾ, ബ്രാഞ്ച് കമ്മിറ്റി അംഗം സകേഷ് എന്നിവരെയാണ് പാർട്ടി പുറത്താക്കിയത്.

ദേവഗിരി കോളജിലെ വിദ്യാർഥി  ചെറുപുഴയിൽ അറിയപ്പെടുന്ന കേരളാ  കോൺഗ്രസ് നേതാവിന്‍റെ മകനുമായി ചേർന്ന് നടത്തിയ ട്രേഡിങ് ഇടപാടിലാണ് തട്ടിപ്പ് നടത്തിയത്. ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ട്രേഡിങ് ഇടപാട് നടത്തിയതെന്നും കണ്ടെത്തിയിരുന്നു.
30 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് സൂചന. ഇതിലൂടെ 20 കോടിയോളം വെളുപ്പിച്ചു. ഇതിൽ 10 കോടിയുടെ പേരിൽ കേരളാ കോൺഗ്രസ് നേതാവിന്‍റെ മകനും സി.പി.എം.  നേതാക്കളും തമ്മിൽ തർക്കമുണ്ടായി.
തർക്കം നിലനിൽക്കെ രണ്ട് മാസം മുമ്പ് നേതാവിന്‍റെ മകന് വാഹനാപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഈ അപകടം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് ആരോപണമുണ്ടായിരുന്നു. തുടർന്ന് സംഭവങ്ങൾ വിവരിച്ച് കേരളാ കോൺഗ്രസ് നേതാവ് സി.പി.എം.  സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നൽകി. സംസ്ഥാന സെക്രട്ടറി സംഭവം അന്വേഷിക്കാൻ ജില്ലാ സെക്രട്ടറി എം.വി. ജയരാജനോട് നിർദ്ദേശിച്ചു.
ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തി. തുടർന്ന് ഏരിയ കമ്മിറ്റി വിളിച്ചു ചേർത്ത് സംഭവവുമായ ബന്ധപ്പെട്ട നാലു പേർക്കെതിരേ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. അതിനു ശേഷം നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഏരിയാ കമ്മിറ്റി നിർദ്ദേശം നടപ്പാക്കാൻ തീരുമാനിച്ചതോടെയാണ് നേതാക്കളെ പാർട്ടി അംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കി.
അഖിൽ എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ മുൻ വൈസ് പ്രസിഡന്‍റും ഡി.വൈ.എഫ്.ഐ. പെരിങ്ങോം മേഖല സെക്രട്ടറിയും ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമാണ്. ബാലസംഘം മുൻ ജില്ലാ സെക്രട്ടറിയായ റാംഷ, ഡി.വൈ.എഫ്.ഐ. പാടിയോട്ടുചാൽ നോർത്ത് മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. എസ്.എഫ്.ഐ. മുൻ ഏരിയാ പ്രസിഡന്‍റായ സേവ്യർ പോൾ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. ഇവരെ ഉത്തരവാദിത്തപ്പെട്ട എല്ലാ സ്ഥാനത്തിൽ നിന്നും നീക്കാൻ തീരുമാനമായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *