മലപ്പുറം- ഉൾവസ്ത്രത്തിനുള്ള സ്വർണം തേച്ചുപിടിപ്പിച്ചും ക്യാപ്‌സൂളുകളാക്കി ശരീരത്തിൽ സ്വർണം ഒളിപ്പിച്ചും കരിപ്പൂരിലെത്തിയ പോലീസ് പിടിയിൽ. പൊന്നാനി സ്വദേശി അബ്ദുസലാ(36)മിനെയാണ് 1.656 കിലോഗ്രാം സ്വർണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പിടികൂടിയത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വർണം നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചും ഉൾവസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ചുമാണ് ഇയാൾ കടത്തിയത്.
വ്യാഴാഴ്ച പുലർച്ചെ മസ്‌കറ്റിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അബ്ദുസലാം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് രാവിലെ പത്തുമണിയോടെ ഇയാൾ പുറത്തിറങ്ങിയിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
പ്രാഥമിക ചോദ്യംചെയ്യലിൽ തന്റെ പക്കൽ സ്വർണമില്ലെന്നായിരുന്നു മറുപടി. തുടർന്ന് വസ്ത്രവും ശരീരവും പരിശോധിച്ചതോടെ ഉൾവസ്ത്രത്തിൽ സ്വർണം കണ്ടെത്തി. വസ്ത്രത്തിന് അകത്ത് പ്രത്യേകപാളിയാക്കി സ്വർണമിശ്രിതം തേച്ചുപിടിപ്പിക്കുകയായിരുന്നു. എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ നാല് ക്യാപ്സ്യൂളുകൾ ഒളിപ്പിച്ചതായും കണ്ടെത്തി. 1.25 കിലോയോളം ഭാരമുള്ള നാല് ക്യാപ്സ്യൂളുകളാണ് ശരീരത്തിനുള്ളിലുണ്ടായിരുന്നത്.
2023 June 15Keralakaripurgoldtitle_en: gold seized from Karipur